ബിക്കാനീർ: ഇന്ത്യയിലെ നദികളിൽ നിന്ന് പാക്കിസ്ഥാന് ഒരു തുള്ളി പോലും വെള്ളം ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനീറിലെ ദേഷ്നോക്കിൽ നടന്ന പൊതു റാലിയിലാണ് സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചത്.
ഭീകരരെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, ഇസ്ലാമാബാദ് ഓരോ ചില്ലിക്കാശിനും വേണ്ടിയും യാചിക്കാൻ മാത്രം ശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാന് ലഭിക്കില്ല. ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ലോകത്തിലെ ആർക്കും ഈ പ്രതിബദ്ധതയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിലൂടെ, ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഒമ്പത് പ്രധാന തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചുകൊണ്ട് രാജ്യം പ്രതികാരം ചെയ്തു. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് രാജ്യത്തിന്റെ ശത്രുക്കൾ കണ്ടു. സിന്ദൂരം മായ്ക്കാൻ വന്നവരെ സൈന്യം മണ്ണിനോട് ചേർത്തു. ഇതു പുതിയ ഭാരതത്തിന്റെ രൗദ്രഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മൂന്നു സേനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയെന്നും അവർ ഒരുക്കിയ കെണിയിൽ പാക്കിസ്ഥാൻ മുട്ടുമടക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും: പ്രധാനമന്ത്രി
