രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക… എന്ന ഗാനം വലിയ ട്രെൻഡ് ആയിരുന്നു. സൗബിൻ ഷാഹിറും പൂജ ഹെഗ്ഡെയും തകർത്ത ഈ ഗാനം ഇപ്പോൾ റീൽസിലും ഹിറ്റാണ്. മോണിക്ക എന്ന ഗാനം ഒറിജിനൽ മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യുട്ട് ആണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ഗാനം സാക്ഷാൽ മോണിക്ക ബെലൂച്ചിക്കും ഇഷ്ടമയെന്നാണ് അറിയാൻ കഴിയുന്നത്.
നടി പൂജ ഹെഗ്ഡെയുമായുള്ള അഭിമുഖത്തിലാണ് മോണിക്ക ബെലൂച്ചി കൂലിയിലെ ഗാനം കണ്ടെന്നും അത് ഇഷ്ടമായെന്നും ഫിലിം ക്രിട്ടിക് ആയ അനുപമ ചോപ്ര പറഞ്ഞത്. ഞാൻ മോണിക്ക സോംഗിന്റെ ലിങ്ക് മാരാകേഷ് ഫിലിം ഫെസ്റ്റിവലിന്റെ ഹെഡ് ആയ മെലിറ്റ ടോസ്കാന് അയച്ചു കൊടുത്തിരുന്നു. അവർക്ക് മോണിക്ക ബെല്ലൂച്ചി ഉൾപ്പെടെ ഹോളിവുഡിലെ പ്ലേ അഭിനേതാക്കളുമായും നല്ല അടുപ്പമാണ്. ഗാനം മോണിക്കയ്ക്ക് നൽകിയെന്നും ഗാനം ഇഷ്ടമായെന്നും എനിക്ക് റിപ്ലൈ വന്നു- അനുപമ ചോപ്ര പറഞ്ഞു.
മോണിക്ക ബെലൂച്ചിക്ക് പാട്ട് ഇഷ്ടമായെന്ന് അറിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പൂജ ഹെഗ്ഡെ അഭിമുഖത്തിനിടെ പ്രതികരിച്ചു. എനിക്ക് മോണിക്ക ബെലൂച്ചിയെ വളരെ ഇഷ്ടമാണ്. അവർക്ക് ഈ പാട്ട് ഇഷ്ടമായെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. കൂലിയിലെ പാട്ട് കാണണമെന്ന് അഭ്യർഥിച്ച് ഒരുപാട് തമിഴ് ആരാധകർ മോണിക്ക ബെലൂച്ചിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യാറുണ്ടായിരുന്നു-പൂജ ഹെഗ്ഡെ പറഞ്ഞു.
ലോകപ്രസ്ത ഇറ്റാലിയൻ നടിയാണ് മോണിക്ക ബെല്ലൂച്ചി. ഹോളിവുഡ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മലീന സ്കോർഡിയ ഇൻ മലീന (2000) എന്ന ചിത്രമാണ് ഇവരെ കൂടുതൽ പ്രശസ്തയാക്കിയത്. ഈ സിനിമയിലെ കഥാപാത്രം ഇന്നും ആരാധകരുടെ ഓർമയിൽ നിൽക്കുന്നതാണ്. ഈ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ നാഷണൽ അവാർഡ് മോണിക്കയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബീറ്റിൽജ്യൂസ് എന്ന അമേരിക്കൻ ഗോതിക് ഡാർക്ക് ഫാന്റസി കോമഡി ഹൊറർ ചിത്രമാണ് മോണിക്കയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
അതേസമയം, ഇന്നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിൽ. ആമിര്‍ ഖാന്റെ കാമിയോ റോളുമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.