പത്തനംതിട്ട: ഏഴുമാസത്തിനിടെ ജില്ലയില്‍ മുങ്ങിമരിച്ചത് 28 പേര്. ഞായറാഴ്ച വൈകുന്നേരം കോയിപ്രം തൃക്കണ്ണപുരം പുഞ്ചയില്‍ ഫൈബര്‍ വള്ളം മറിഞ്ഞു മരിച്ചത് മൂന്നുപേരാണ്. ഇതോടെ ഫയര്‍ഫോഴ്സ് പത്തനംതിട്ട സ്റ്റേഷന് പരിധിയില്‍ 12 പേരാണ് ഇക്കൊല്ലം മരിച്ചത്. പന്തളത്ത് പുഞ്ചയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ഇന്നലെ മുങ്ങിമരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നാല് മുങ്ങിമരണങ്ങളാണ് ജില്ലയിലുണ്ടായത്.
തിരുവല്ല സ്റ്റേഷന് പരിധിയില്‍ ഒന്‍പത്, അടൂരില്‍ മൂന്ന്, റാന്നി, കോന്നി ഒന്നു വീതം എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ മരിച്ചവരുടെ എണ്ണം. ഏറെപ്പേരും നദികളിലെ കയങ്ങളിലാണു മുങ്ങിമരിച്ചത്. കാലവര്‍ഷക്കെടുതിയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു മരിച്ചവരുമുണ്ട്.
മരിച്ചവരില്‍ നല്ലൊരു പങ്കും നീന്തല്‍ വശില്ലാത്തവരാണെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തല്‍. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ രക്ഷകരെത്തിയില്ലെങ്കില്‍ ജീവന് നഷ്ടമാകാനാണു സാധ്യത. മഴക്കാലത്ത് പാടശേഖരങ്ങളിലും പുഞ്ചകളും അപകട മുനന്പുകളാകാറുണ്ട്. വെള്ളം കൂടുതലായി ഉയരുകയും ഒഴുക്കു കൂടുകയും ചെയ്യുന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ വീണാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകും.
വില്ലനാകുന്ന ലഹരി
വെള്ളവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പലപ്പോഴും വില്ലനാകുന്നത് ലഹരി ഉയര്‍ത്തുന്ന ആവേശമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം ജലാശയങ്ങളില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടകരമാകും. നീന്തല്‍ അറിയാവുന്നവര്‍ക്കു പോലും വേഗത്തില്‍ കൈ കുഴയാന്‍ ഇതു കാരണമാകുന്നുണ്ട്.
ശരിയായി നീന്തലറിയാത്തവര്‍ സുഹൃത്തുക്കളുടെ പിന്‍ബലത്തില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് കൂടുതല്‍ അപകടകരമാണ്. നീന്തല്‍ അറിയാവുന്നവര്‍ക്കുപോലും വെള്ളത്തിന്റെ ഗതിയും ചുഴികളും കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമാകാതെവരികയും തങ്ങള്‍കൂടി അപകടത്തില്‍പ്പെടുന്നതിനു കാരണമാകുകയും ചെയ്യും.
നദികളുടെ കടവുകളിലെ സ്ഥിതി പലപ്പോഴും മുന്‍കൂട്ടി കാണാനാകില്ല. 2018ലെ പ്രളയശേഷം ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും രൂപപ്പെട്ട കയങ്ങളും അപകടകാരികളാണ്. ആഴം കുറവെന്ന ധാരണയില്‍ വെള്ളത്തിലേക്ക് ഇറങ്ങുന്നവര്‍ പലരും അപകടത്തില്‍പ്പെടുന്നതു പതിവായിട്ടുണ്ട്.
പ്രളയകാലങ്ങളിൽ പമ്പാ തടത്തിലെ നെല്‍പ്പാടങ്ങളില്‍ കയറുന്ന നദീജലത്തില്‍ ഇറങ്ങുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം കോയിപ്രം പഞ്ചായത്തിലെ നെല്ലിക്കല്‍ തൃക്കണ്ണപുരം വയല്‍ മേഖലയില്‍ ഫൈബര്‍ ബോട്ടില്‍ തുഴഞ്ഞുനീങ്ങിയ മൂന്നു യുവാക്കളാണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്.
ഇതില്‍ രണ്ടു പേര്‍ക്ക് നീന്തല്‍ നന്നായി അറിയാമായിരുന്നിട്ടും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വിശാലമായ വയല്‍ പരപ്പിന്റെ ഒരു കോണില്‍നിന്നു നീന്തി കരയ്ക്ക് എത്തണമെങ്കില്‍ അതിനുള്ള ശാരീരിക ക്ഷമത ഉണ്ടാകണം. കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ഇല്ലെങ്കില്‍ സംഭവിക്കുക വന്‍ ദുരന്തമായിരിക്കും.