തൊടുപുഴ: കാഞ്ഞാര്‍ – വാഗമണ്‍ റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറയില്‍ നിന്നു വീണ്ടും യുവാവ് കൊക്കയില്‍ വീണു. കഴിഞ്ഞ വ്യാഴാഴ്ച കൊക്കയില്‍ വീണ് വിനോദ സഞ്ചാരി മരിച്ച സ്ഥലത്തു തന്നെയാണ് മറ്റൊരു യുവാവ് വീണത്. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍മഠത്തില്‍ വിഷ്ണു എസ്. നായര്‍ (34) ആണ് കൊക്കയില്‍ വീണത് 350 അടി താഴ്ചയിലേക്കുവീണ യുവാവിനെ മൂന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചു.
സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എറണാകുളം തോപ്പുംപടി ചക്കുങ്കല്‍ റിട്ട.കെഎസ്ഇബി എന്ജനിയറായ തോബിയാസ് ചാക്കോയാണ് കഴിഞ്ഞ ദിവസം ഇവിടെ വീണു മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ ഏഴംഗ സംഘം വാഗമണ്ണിനു പോകുന്ന വഴി ഇവിടെ വാഹനം നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ വിഷ്ണു ഇതിനിടെ കാല്‍വഴുതി കൊക്കയില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
അസ്ക ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥര്‍ വടം ഉപയോഗിച്ച് സാഹസികമായി വഴുവഴുപ്പും മുള്‍ച്ചെടികളുമുള്ള കൊക്കയില്‍ ഇറങ്ങുകയായിരുന്നു.തോബിയാസ് വീണു കിടന്ന അതേസ്ഥലത്തു തന്നെയാണ് വിഷ്ണുവിനെയും കണ്ടെത്തിയത്. പിന്നീട് റെസ്ക്യു നെറ്റില്‍ ഏറെ ശ്രമകരമായി ഇയാളെ മുകളില്‍ എത്തിക്കുകയായിരുന്നു.
സംരക്ഷണവേലിയില്ലാത്ത ചാത്തന്‍പാറയില്‍ നിന്ന് ഇതുവരെ 11 പേര് താഴേക്കുവീണിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ ജീവന് പൊലിയുകയും ചെയ്തു. വാഗമണ്ണിലേക്കുള്ള പ്രധാന പാതയിലുള്ള ഈ വ്യു പോയന്റില്‍ വിനോദസഞ്ചാരികള്‍ വാഹനം നിര്‍ത്തി ദൃശ്യഭംഗി ആസ്വദിക്കാറുണ്ട്. എന്നാല്‍, ഒരു സുരക്ഷ സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല.