വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്.
കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്.
പ്രാരംഭ ലക്ഷണങ്ങൾ
തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം.
വിദഗ്ധ പരിശോധന…
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.
രോഗനിർണയം
ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രഫി (CT), മാഗ്നെറ്റിക് റസനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിംഗ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.
സ്റ്റേജിംഗ് സിസ്റ്റം
ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിംഗ് വഴിയാണു നിർണയിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, നോഡുകളുടെ (കഴലകളുടെ) ഇടപെടൽ, രോഗ പടർച്ച എന്നിവ പരിഗണിച്ച് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിംഗ് സിസ്റ്റം. സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാലു(അവസാനം) വരെയാണ് ഇത്.
(തുടരും)