കൊച്ചി: എറണാകുളം കളമശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി വിവേകാണ് (25) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിവേകിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
കളമശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വിവേകും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വിവേകും മൂന്നു സുഹൃത്തുക്കളും ഒരുമിച്ച ഇന്നലെ മദ്യപിച്ച ശേഷം ഓട്ടോയില്‍ തിരിച്ചെത്തി. എന്നാല്‍ വിവേക് ഓട്ടോകൂലി നല്കാന് തയാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു.
ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടില്‍ രണ്ടുപേര്‍ എത്തിയിരുന്നു. അവര്‍ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം തിരികെ പോയി. തുടര്‍ന്ന് രാത്രി 11 ഓടെ ഇവര്‍ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികള്‍ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചിരുന്നു.
ഇതിനിടയിലാണ് പ്രതികളിലൊരാള്‍ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചില്‍ കുത്തിയത്. കൃത്യം നടത്തിയവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വിവേകിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കളാണ് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. അതീവഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് മരിച്ചത്. കളമശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.