ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു…
അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു… ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു…. ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു… പക്ഷേ അയാൾ അതിൽ കയറിയില്ല…
സീറ്റ് ണ്ട് ചേട്ടാ… വായോ…ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു…അടുത്ത ബസും വന്നു പോയി… അയാൾ കയറിയില്ല… രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു…
ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം… യാത്രയിൽ സർവതും മറന്ന് പാട്ടുകേട്ട് വെറുതേ പുറത്തേക്ക് നോക്കിയങ്ങനെ ഇരിക്കാൻ അയാൾക്ക് വലിയ ഇഷ്ടമാണ്… ഇനിയും കാത്ത് നിന്നാൽ ഓഫീസിൽ എത്താൻ വൈകും എന്നൊരു ടെൻഷനിൽ അടുത്ത ബസിൽ പാട്ടില്ലെങ്കിലും കയറാം എന്നയാൾ തീരുമാനിച്ചു… നിവൃത്തിയില്ലല്ലോ…
ദാ അടുത്ത ബസ് വന്നു നിൽക്കുമ്പോൾ തന്നെ അയാൾ കേൾക്കുന്നത് “വൈശാഖ സന്ധ്യേ.. നിൻ ചുണ്ടിലെന്തേ… അരുമ സഖിതൻ അധര കാന്തിയോ…’ എന്നാണ്. ബസിൽ സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കാണ്.. അവിടെ അപ്പോൾ ബസ് കാത്ത് നിൽക്കുന്നവർ ആരും അതിൽ കയറുന്നില്ല.. പക്ഷേ അയാൾ ആ ബസിൽ ചാടി കയറി കാരണം “കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നു…’
എന്ന വരി അയാൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു…
ബസിൽ പിന്നിൽ വലതു വശത്ത് ചെറിയ ഒരു സ്ഥലം കണ്ടെത്തി അയാൾ പാട്ടിൽ ലയിച്ചുനിന്നു…. വൈശാഖ സന്ധ്യ കഴിഞ്ഞപ്പോൾ ” മേഘം പൂത്തു തുടങ്ങി…’ അതും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു… പ്രത്യേകിച്ച് മേഘം പൂത്ത് മോഹം പെയ്തപ്പോൾ മേദിനി നെഞ്ചിൽ കേട്ടു പുതിയൊരു താളം. ആദ്യം കേൾക്കുമ്പോൾ മേദിനിയുടെ അർഥം അയാൾക്ക് അറിയില്ലായിരുന്നു… ഭൂമി എന്നാണ് മേദിനിയുടെ അർത്ഥം എന്നറിഞ്ഞപ്പോൾ ആ വരികൾ അയാൾക്ക് വലിയ ഇഷ്ടമായി..
ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും തിരക്ക് കൂടി കൂടി വരികയാണ്.. കണ്ടക്ടർ മുന്നോട്ട് ആളുകളെ ഒതുക്കുന്നതിനുസരിച്ച് അയാളെ കടന്നുപോകന്നവരുടെ ശരീരവും ബാഗുകളും എല്ലാം അയാളെ ചെറുതായിയെങ്കിലും വേദനിപ്പിക്കുന്നുണ്ട് പക്ഷേ അയാൾ പാട്ടിലാണ്… അന്ന് വയ്ക്കുന്ന പാട്ടുകൾ എല്ലാം അയാൾക്ക് പ്രിയപ്പെട്ടവ ആയിരുന്നു…
പുറത്തെ കാഴ്ചകൾ അയാളുടെ കണ്ണുകൾ കാണുന്നുണ്ടായിരുന്നുവെങ്കിലും മനസ് അത് കണ്ടില്ല.. അയാളുടെ മനസിൽ അപ്പോൾ അയാൾ പലയിടത്തും പല വേദികളിലും നിന്നു ആ പാട്ടുകളൊക്കെ പാടുകയായിരുന്നു…കടുത്ത ജയചന്ദ്രൻ ഫാനായ അയാൾക്ക് അന്ന് ആ ബസിൽ ജയചന്ദ്രന്റെ പാട്ടുകൾ വെക്കാത്തതിൽ ചെറിയ വിഷമം തോന്നിയ സമയത്ത് അതാ വരുന്നു സ്പീക്കറിൽ ” നീലഗിരിയുടെ സഖികളെ… ജ്വാലാമുഖികളെ….’
അതേ സമയത്തു തന്നെയാണ് അയാളുടെ വശത്തു നിന്നിരുന്ന ആൾ മുകളിലെ കമ്പിയിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് താഴ്ത്തിയപ്പോൾ കൈമുട്ട് അയാളുടെ തോളിൽ ശക്തിയായി ഇടിച്ചു.. കടുത്ത വേദന.. കൈമുട്ടിന്റെ ഉടമസ്ഥൻ ഇപ്പോൾ ചീത്ത കേൾക്കും എന്ന വിഷമത്തിൽ ഒരു ക്ഷമാപണത്തോടെ അയാളെ നോക്കി.. അപ്പോൾ ആയിരം താമര തളിരുകൾ വിടർത്തി.. അരയന്നങ്ങളെ വളർത്തി… വസന്തവും ശിശിരവും കുളിക്കാൻ ഇറങ്ങുന്ന വനസരോവരത്തിൽ ആയിരുന്നു അയാൾ… അയാൾക്ക് അപ്പോൾ എങ്ങനെ ദേഷ്യം വരും… അയാൾ അദേഹത്തെ നോക്കി പുഞ്ചിരിച്ചു… സൂര്യജ്യാല പ്രതീക്ഷിച്ചിടത്ത് നറു നിലാവ്…
കൈ കൊണ്ട് അബദ്ധത്തിലാണെങ്കിലും ഇടിച്ച ആൾ അയാളെ മനസു കൊണ്ട് നമിച്ചു.. അയാൾക്ക് അപ്പോൾ മറ്റേയാളോട് ദേഷ്യപ്പെടാനല്ല തോന്നിയത് മറിച്ച് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു ഈ പാട്ടിനാണ് ജയചന്ദ്രന് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയതെന്ന്,… ഈ വരികൾ വയലാർ, ചിത്രത്തിന്റെ സംവിധായകൻ സേതുമാധവൻ സാറിന് എഴുതി കൊടുത്തത് തിടുക്കത്തിൽ ഹോട്ടൽ റിസ്പഷന്റെ മുന്നിൽ വെച്ച് അവിടെ നിന്ന് ഒരു പേനയും കടലാസും വാങ്ങി നിന്ന നില്പിലായിരുന്നു എന്ന്… എന്തൊരു പ്രതിഭാധനരായിരുന്നു അവർ എന്ന്….
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.. പാട്ടിൽ അലിഞ്ഞങ്ങനെ നിന്നു…കൻമഷമില്ലാത്ത മനസ്സുമായി…
ബസ് ചുങ്കം സ്റ്റോപ്പ് കഴിഞ്ഞു പടിഞ്ഞാറെ കോട്ട എത്താറായി… പാട്ട് നിർത്തി..പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വന്നു.. പടിഞ്ഞാറെ കോട്ടയിൽ കുറേ പേർ ഇറങ്ങി അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി.. അയാൾ കണ്ണുകളടച്ച് അങ്ങനെ ഇരുന്നു..മഴ പെയ്ത് തോർന്നാലും . മരം പിന്നേം പെയ്യുമല്ലോ..അയാളുടെ ഉള്ളിൽ പിന്നെയും പാട്ടുകളുടെ പ്രവാഹമായിരുന്നു… അവിടെ അയാൾ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ലജ്ജയിൽ മുങ്ങിയ ഒരു മുഖം കണ്ട്…
മല്ലിക പൂവിൻ മധുരഗന്ധത്തിൽ, മന്ദസ്മിതത്തിൽ വസന്തം കണ്ട്…മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽ പൂവ്വിനെ തൊട്ടുണർത്തി അങ്ങനെ ഇരിക്കുകയായിരുന്നുഅപ്പോഴാണ് അയാളുടെ സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന് കണ്ടക്ടർ പറഞ്ഞത്.. ചേട്ടാ.. നാളെ മുതൽ ബസിൽ പാട്ടുണ്ടാവില്ലാട്ടാ.. എംവിഡിന്റെ സ്ട്രിക്റ്റ് ഓർഡറാ…ഫൈൻ ഉണ്ടാവും…
അയാളാലോചിച്ചു… ഇയാൾ എങ്ങനെ തന്റെ പാട്ടു കമ്പം അറിഞ്ഞു…പിന്നെ ഓർത്തു ഇവർ ദിവസവും എത്ര തരം ആൾക്കാരെ കാണുന്നതാ.. പഴക്കം കൊണ്ട് അവർക്ക് മനസു വായിക്കാൻ പറ്റ്യേർക്കും.ഇനി ബസിൽ പാട്ടില്ല എന്നോർത്തപ്പോൾ അയാളുടെ മുഖം സങ്കടം കൊണ്ട് ഇരുണ്ടു
.. തിരുവാതിര ഞാറ്റുവേലയിലെ ആകാശവും അപ്പോൾ പെട്ടെന്നിരുണ്ടു..ബസപ്പോൾ വടക്കുംനാഥന്റെ മുന്നിൽ തൃശൂർ സ്വരാജ്റൗണ്ടിൽ കയറുകയായിരുന്നു.. കണ്ണുകളാൽ അർച്ചന… മൗനങ്ങളാൽ കീർത്തനം… എല്ലാം എല്ലാം അറിയുന്നീ ഗോപുരവാതിൽ…
അയാൾ നടുവിലാലിൽ ബസിറങ്ങിയപ്പോൾ മാനം കവിഞ്ഞ് പെയ്ത മഴയാണോ അയാളുടെ കവിൾതടം നനയിച്ചത്… അതോ…….