ലഖ്നോ: സന്ധ്യമയങ്ങിക്കഴിഞ്ഞാൽ നാഗസ്ത്രീയായി മാറി ഭാര്യ ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്. യുപിയിലെ സീതാപുർ ജില്ലയിൽ മിറാജാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ പരാതിയുമായെത്തിയത്.
രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു.
സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.