റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്.
ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ …..
എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം…… കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ് സ്റ്റുഡിയോയാണ്.
പള്ളികളിൽ ഗായകസംഘങ്ങളിൽ ഉൾപ്പെടെ വർഷങ്ങൾക്കു മുമ്പ് പാടിത്തെളിഞ്ഞ ലിജോ നാട്ടിലെ സംഗീത പരിപാടികളിൽ നന്നായി പാടുന്ന ഗായിക കൂടിയാണ്. സംഗീത മത്സരങ്ങളിൽ വിജയിക്കുന്ന ലിജോയ്ക്ക് അച്ഛൻ തോമസ് ജോർജ് പഞ്ചായത്ത് വിജയിക്കുമെന്നതിലും സംശയമില്ല.
കഴിഞ്ഞ തവണ നാറാണംമൂഴി ടൗൺ വാർഡിൽ മത്സരിച്ച് വിജയിച്ചു നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച തോമസ് ജോർജ് ഇത്തവണ വാർഡു മാറി വിജയം പരീക്ഷിക്കുകയാണ്. സിപിഎമ്മിലെ ജ്യോതി ശ്രീനിവാസും എൻഡിഎയിലെ സുരേഷുമാണ് പ്രധാന എതിരാളികൾ.

