തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി. 11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ നാല് ദിവസമുണ്ട്. സാധാരണയായി ഒന്‍പതു രാത്രികളും പത്തു പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ പത്തു രാത്രികളും 11 പകലുകളുമായാണ് ആഘോഷം നീണ്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു പൂജ വയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.
ഐതീഹ്യം
മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം. ദേവലോകത്തെത്തിയ ദേവിയെ കണ്ട മഹിഷാസുരന് ദേവിയില്‍ അനുരക്തനായി.
എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി പറയുകയും ഇരുവരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെയെല്ലാം ദേവി കൊന്നൊടുക്കിയപ്പോള്‍ മഹിഷാസുരന് തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദുര്‍ഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്പിക്കപ്പെടുന്നു.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു.
മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്. ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. സ്െ്രെതണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
കേരളത്തില്‍ വ്യത്യസ്തം
കേരളത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്കും പൂജാവിധികള്‍ക്കും മറ്റിടങ്ങളെ അപേക്ഷിച്ച് അല്പം വ്യത്യസ്തയുണ്ട്. ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗാദേവിയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതി ദേവിയുമാണ് ആരാധനാ മൂര്‍ത്തികള്‍. അവസാനത്തെ മൂന്ന് ദിവസത്തെ ആരാധനയ്ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും കേരളീയര്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. ഉത്തരേന്ത്യയില്‍ എല്ലാവീടുകളിലും നവരാത്രി പൂജകളും ആഘോഷങ്ങളും നടക്കാറുണ്ടെങ്കിലും കേരളത്തില്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആചരിക്കുന്നത്.
ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന് തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
ദുര്‍ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പഠനസാമഗ്രികളും മറ്റും പൂജ വയ്ക്കുന്നു. പിറ്റേന്ന് മഹാനവമി ദിവസം രാവിലെയും വൈകുന്നേരവും പൂജകളിലൂടെ പൂര്‍ണമായും സരസ്വതിക്ക് സമര്‍പ്പിക്കുന്നു. വിജയദശമി ദിവസം രാവിലെ പൂജയ്ക്ക് ശേഷം, പുസ്തകങ്ങളും ഉപകരണങ്ങളും അവരുടെ മുറികളില്‍ നിന്ന് ആചാരപരമായി നീക്കം ചെയ്യുന്ന ഒരു ചടങ്ങാണ് ‘പൂജ എടുക്കല്‍’. വിജയദശമി ദിനത്തില്‍ പല ക്ഷേത്ര പരിസരങ്ങളിലും വിദ്യാരംഭം ചടങ്ങ് നടക്കാറുണ്ട്. മുതിര്‍ന്നവരുടെയോ അധ്യാപകരുടെയോ മാര്‍ഗനിര്‍ദേശപ്രകാരം അരിയിലോ മണലിലോ കുട്ടികള്‍ അവരുടെ ആദ്യ അക്ഷരം കുറിക്കുന്ന ചടങ്ങാണിത്.
വിവിധയിടങ്ങളില്‍ വ്യത്യസ്ത ആഘോഷം
ഗുജറാത്തില്‍ ദാണ്ഡിയ അവതരിപ്പിച്ചാണ് നവരാത്രി ആഘോഷിക്കുന്നത്. ബംഗാളില്‍, സപ്തമി മുതല്‍ ദശമി വരെയുള്ള അവസാന നാല് ദിവസങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ നടക്കാറുണ്ട്. പൂജാ ചടങ്ങുകള്‍ നടക്കും. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് സരസ്വതി, ലക്ഷ്മി എന്നിവരെ ആരാധിക്കുന്നു. പഞ്ചാബില്‍, ഭക്തര്‍ ആദ്യത്തെ ഏഴ് ദിവസം വ്രതമെടുക്കുകയും എട്ടാം ദിവസം ഒമ്പത് പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുകയും അവരുടെ പാദങ്ങളില്‍ സ്പര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന കന്യാപൂജ നടത്തി നോമ്പ് തുറക്കുന്നു.
ബൊമ്മക്കൊലു
തിന്മയ്ക്കുമേല് നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നവരാത്രി കാലങ്ങളില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ അണിനിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളാണ് ബൊമ്മക്കൊലു വയ്ക്കാറുള്ളത്.
നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി (ആണ്/പെണ്) സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവിമാര്‍ക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റ സംഖ്യയില്‍ മരത്തടികള്‍കൊണ്ട് പടികള്‍ (കൊലു) ഉണ്ടാക്കും.
പടികള്‍ക്കു മുകളില്‍ തുണി വിരിച്ചശേഷം ദേവീ ദേവന്മാരുടെ ബൊമ്മകള്‍ അവയുടെ വലുപ്പത്തിനും സ്ഥാനത്തിനുമനുസരിച്ച് അതില്‍ നിരത്തിവയ്ക്കും. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുകളില്‍ വയ്ക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗയ്ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ബൊമ്മക്കൊലു കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമം ഉണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം.
സീമ മോഹന്‍ലാല്‍