ചെന്നിത്തല: ചെന്നിത്തല നവോദയ കേന്ദ്രീയവിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്.
കുട്ടിയുടെ ഡയറിയിൽ ഇത് സംബന്ധിച്ചു ചില കുറിപ്പുകൾ കണ്ടെത്തിയെന്നും കുട്ടി കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നെന്നുമാണു പോലീസ് കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനവും ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും പോലീസ് പറയുന്നു. ആറാട്ടുപുഴ മംഗലം തൈവിലേക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ എസ്.നേഹ (14 ) നെയാണ് ഇന്നലെ രാവിലെ വിദ്യാലയത്തിലെ ശുചിമുറിക്കുസമീപം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ്
നേഹയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു.
സംഭവത്തിലെ യാതൊരു സാഹചര്യവും മറച്ചുവയ്ക്കാൻ അനുവദിക്കരുതെന്നും വിദ്യാർഥിനിയുടെ കുടുംബത്തിനും സഹപാഠികൾക്കും നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വിഷയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി