കൊച്ചി: ജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും “നിധി’യെ മാതാപിതാക്കള്‍ക്ക് കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവാണ് നിധി.
കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ അടുത്തിടെ സമ്മതം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ പോറ്റാനുള്ള കഴിവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിഡബ്ല്യുസി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നിധി മാതാപിതാക്കള്‍ക്ക് കൈമാറാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും കുഞ്ഞിനെ പോറ്റാന്‍ ഇവര്‍ക്ക് സാമ്പത്തികമായി കഴിവുണ്ടോയെന്നതില് ആശയക്കുഴപ്പം മാറിയിട്ടില്ല.
റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി പരസ്പരവിരുദ്ധ പരാമര്‍ശങ്ങളുള്ളതിനാല്‍ ഹിന്ദിയിലുള്ള റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പരിഭാഷ കിട്ടിയശേഷം പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.
കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചാല്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിയില്‍ ഹാജരാക്കിവേണം ദമ്പതികള്‍ക്ക് കൈമാറേണ്ടത്. പോലീസ് സംരക്ഷണയോടെ വേണം കുഞ്ഞിനെയും ദമ്പതികളെയും എത്തിക്കേണ്ടതെന്ന് ജാര്‍ഖണ്ഡ് സിഡബ്ല്യുസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലെല്ലാം വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും തീരുമാനമുണ്ടാകുക.
കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ സന്നദ്ധതയറിച്ച ജാര്‍ഖണ്ഡിലെ ലോഹര്ദഗായില്നിന്ന് ദമ്പതികള്‍ സിഡബ്ല്യുസിയില്‍ എത്തിയിരുന്നു. കഴിഞ്ഞ 28ന് എറണാകുളത്ത് എത്തിയ ദമ്പതികള്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ജനുവരിയിലാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യആശുപത്രില് ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നത്.