കോഴിക്കോട്: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ വരച്ചവരയില്‍ നിര്‍ത്തിയതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസിലെ യുവ നേതാക്കളും. അൻവറിനെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വവും ചില കോൺഗ്രസ് നേതാക്കളും ഒരുവശത്ത് ശ്രമിച്ചപ്പോഴും ഷാഫിപറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വി.ടി. ബല്‍റാം എന്നിവരുടെ ശക്തമായ പിന്തുണയില്‍ വി.ഡി. സതീശന് എടുത്ത നിലപാട് ഒടുവില്‍ വിജയം കാണുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പി.വി. അന്‍വറിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ആര്എംപിയെപോലെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സമ്മര്‍ദം ചെലുത്തി കാര്യങ്ങള്‍ നേടിയെന്ന് പി.വി. അന്‍വറിന് അവകാശപ്പെടാനാകില്ല.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പി. സരിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി തീര്‍ത്ത സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വീഴാത്ത അതേ സമീപനംതന്നെയാണ് പി.വി. അന്‍വറിന്റെ കാര്യത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചത്.
അന്നും പ്രചാരണത്തിലും തീരുമാനമെടുക്കുന്നതിലും മുന്പില് നിന്നത് കോണ്‍ഗ്രസ് യുവനേതൃത്വമായിരുന്നു. അതിന് പ്രതിപക്ഷ നേതാവിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു.നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇതിനകം വി.ഡി. സതീശനും രാഹുല്‍ മാങ്കൂട്ടത്തിലും എത്തിക്കഴിഞ്ഞു. പ്രചാരണം കഴിയും വരെ ഇവിടെ തുടരാനാണ് തീരുമാനം.
കോൺഗ്രസ് പ്രവർത്തക സമതി അംഗവും കെപിസിസി മുൻ പ്രസിഡന്റുമായ കെ. സുധാകരന് അൻവറിനോട് വ്യക്തിപരമായി താല്പര്യമുണ്ടെങ്കിലുംസ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനയ്ക്കു ശേഷം വി.ഡി. സതീശനും പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മുഖം രക്ഷിച്ച് യുഡിഎഫ് തീരുമാനത്തിന് വഴങ്ങുക എന്ന അവസ്ഥയിലേക്കാണ് പി.വി.അന്‍വര്‍ എത്തിയിരിക്കുന്നത്.