നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ തന്നെ പലരും പരിഹസിച്ചു ചിരിച്ചിരുന്നെന്ന് നടി നിമിഷ സജയന്. സ്കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവത്തെ ക്കുറിച്ച് ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
എന്റെ നിറത്തിന്റെ പേരില്‍ ഒരുപാടു കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിനാണ് നടി ആവണമെന്ന് ഞാന്‍ പറഞ്ഞത്. പിന്നില്‍ നിന്ന് ഒരുപാട് പേര് അതുകേട്ട് ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം, കണ്വെന്ഷണല് ബ്യൂട്ടിയോ ഹീറോയിന് മെറ്റീരിയലോ അല്ല ഞാന്‍. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു.
എന്നാൽ തൊണ്ടിമുതലും ദൃക്സാക്ഷികളും ചെയ്തതോടെ ഒരുപാടു സ്നേഹം ലഭിച്ചു. ഇതോടെ നടിയാകാന്‍ തനിക്കു കഴിയുമെന്ന് ബോധ്യപ്പെട്ടെന്നും നിമിഷ പറയുന്നു. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്നു മനസിലായി.
നല്ല തിരക്കഥയും സംവിധാനവും മതി സിനിമ വിജയിക്കാനെന്നും ബോധ്യപ്പെട്ടു. എന്റെ സിനിമാമോഹത്തെ കുടുംബം എപ്പോഴും പിന്തുണച്ചിരുന്നു. ആ പിന്തുണയില്‍ എപ്പോഴും സന്തോഷമുണ്ട്. എന്തുതന്നെ സംഭവിച്ചാലും അവര്‍ എന്റെ കൂടെയുണ്ട്.അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്. ഇന്ന് സിനിമ കണ്ട് ആളുകള്‍ വന്ന് വീട്ടിലെ കുട്ടിയെ പ്പോലെയുണ്ടെന്നു പറയുമ്പോള്‍ ഒരുപാടു സന്തോഷം തോന്നാറുണ്ടെന്നും നിമിഷ പറയുന്നു.