കോഴിക്കോട്: 2023ല് നിപ്പ എൻസെഫലൈറ്റിസ് (നിപ്പയ്ക്ക് ശേഷം പിടിപെടുന്ന മസ്തിഷ്കജ്വരം) രോഗബാധിതനായി ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന് ടിറ്റോ തോമസിന്റെ കുടുംബത്തിന് ആശ്വാസം പകർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 17 ലക്ഷം രൂപ ധനസഹായം നല്കാൻ സർക്കാർ തീരുമാനം.
മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മാരകവൈറസിന്റെ പിടിയിലമർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കടബ സുങ്കടക്കട്ട ഐത്തൂർ സ്വദേശി ടിസി.തോമസിന്റെ മകൻ ടിറ്റോ തോമസ്.
ചികിത്സയിൽ ഒരു വർഷവും എട്ടു മാസവും അഞ്ചുദിവസവും തികയുന്ന ദിനമാണ് സംസ്ഥാന സർക്കാരിന്റെ സഹായം സംബന്ധിച്ച തീരുമാനം വരുന്നത്.
ടിറ്റോയുടെ ചുണ്ടനങ്ങുന്ന നിമിഷം കാത്ത് അമ്മ ലിസിയും അച്ഛൻ തോമസും അരികിലുണ്ട്. ടിറ്റോ എന്നെങ്കിലും സംസാരിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. ടിറ്റോയ്ക്കായി എടുത്ത വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ മറ്റു വായ്പകളുടെ തിരിച്ചടവു മുടങ്ങിയിരിക്കുകയാണ്.
ബിഎസ്സി നഴ്സിങ് പാസായി ജോലിയിൽ പ്രവേശിച്ചതോടെ കുടുബത്തിന്റെ പ്രതീക്ഷയായ ടിറ്റോയ്ക്ക് നിപ്പ പിടിപെട്ടു. ആരോഗ്യപ്രവർത്തകനായ ടിറ്റോയ്ക്ക് രോഗം ബാധിച്ചത് മരുതോങ്കര, വടകര എന്നിവിടങ്ങളിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ ബാധയിൽ രോഗിയെ ചികിത്സിക്കുന്നതിനിടയിലാണ്.
പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് ടിറ്റോ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ഓഗസ്റ്റ് അവസാനം ഇതേ ആശുപത്രിയിൽ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിക്ക് മരണശേഷം നിപ്പ സ്ഥീരീകരിച്ചിരുന്നു.
ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. 2023 ഡിസംബർ 8 മുതൽ തീവ്രപരിചരണ വിഭാഗത്തിലാവുകയായിരുന്നു.