ആരാധകരെപ്പോലെ ഹേറ്റേഴ്സുമുള്ള തെന്നിന്ത്യൻ നടിയാണു നിത്യമേനോൻ. മാസങ്ങൾക്കുമുമ്പു കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഒരു ഇവന്റിൽ നടി ഒരാൾക്കു ഹസ്തദാനത്തിനു വിസമ്മതിച്ചതു വിമർശിക്കപ്പെട്ടിരുന്നു. ഇതേ പരിപാടിയിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു.
പുതിയ ഒരഭിമുഖത്തിൽ ഇതേക്കുറിച്ചു സംസാരിക്കുകയാണു നിത്യ. “ആളുകൾ നല്ലതാണോ മോശമാണോ എന്നു ഞാൻ ജഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്കു ഫീൽ ചെയ്യാം. അതുകൊണ്ടാണു ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്ററാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കൈ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്.
കാരണം, ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിംഗിൽ ഒരുപാടു പേരുണ്ടാകും. ചില സമയത്ത് എല്ലാവരുമായും ഇന്ററാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്നു തോന്നിയാൽ അതിനർഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യേണ്ട.
താൻ വലിയ ആളായതു കൊണ്ടല്ല. ഇന്ത്യയിലെയും ജപ്പാനിലെയും പഴയ സംസ്കാരം ആളുകൾക്കു കൈ കൊടുക്കലും കെട്ടിപ്പിടിക്കലുമല്ല. കൈ കൂപ്പി വണങ്ങലാണ് ”- നിത്യമേനോൻ പറഞ്ഞു.“ഇപ്പോഴും എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് അലക്കാറുള്ളത്. അടുത്തിടെ എന്നെ അയൽക്കാർ ഫോൺ ചെയ്തു. ഞങ്ങളുടെ രണ്ടു പേരുടെയും വീടുകളിൽ ഒരാളാണു ജോലിചെയ്യുന്നത്.
അവർ നാട്ടിൽ പോയതിനാൽ കുറച്ചു ദിവത്തേക്കു ജോലിക്കുവരില്ല. ഞങ്ങൾ ഇപ്പോൾ യാത്ര ചെയ്തു വന്നതേയുള്ളൂ. ഒരുപാടു വസ്ത്രങ്ങൾ കഴുകാനുണ്ടെന്നു പറഞ്ഞു. അപ്പോഴാണ് ആളുകൾ സ്വന്തം കാര്യം ചെയ്യാൻ എത്രമാത്രം, മറ്റുള്ളവരെ ആശ്രയിക്കുന്നെന്നു ഞാൻ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസം ജോലിക്കാർ വന്നില്ലെങ്കിലും എനിക്കു കുഴപ്പമില്ല.
അടിസ്ഥാന കാര്യങ്ങൾ എനിക്കു ചെയ്യാൻ പറ്റും. ഓക്കെ കൺമണി എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ വസ്ത്രങ്ങൾ ഞാൻ ഹാൻഡ് വാഷ് ചെയ്യുകയായിരുന്നു”- നിത്യ കൂട്ടിച്ചേർത്തു.