ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ ബിലാസ്പുർ ഹൈക്കോടതിയിൽ ഇന്നു സമർപ്പിക്കും. സഭാ നേതൃത്വമാണ് കന്യാസ്ത്രീമാർക്കുവേണ്ടി ഹർജി സമർപ്പിക്കുന്നത്. കന്യാസ്ത്രീമാരെ ജയിലിൽ അടച്ചിട്ട് ഇന്നേക്ക് എട്ടു ദിവസമാകുകയാണ്. ഛത്തീസ്ഗഡ് സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘത്തോടു പറഞ്ഞിരുന്നു. അതേസമയം, എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. സമയ നഷ്ടത്തിനു കാരണമാകും എന്ന നിയമോപദേശത്തെ തുടര്‍ന്നാണു തീരുമാനം.
ജയിലിലുള്ള കന്യാസ്ത്രീമാർക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാർക്ക് ഉറപ്പുനൽകിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്. കേസിലുൾപ്പെട്ട ഒരു പെണ്‍കുട്ടിയെ ബജ്രംഗ്ദൾ നേതാക്കൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയിൽ ഒപ്പുവയ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്കു നൽകിയ നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി.
ജാമ്യം ലഭിച്ചശേഷം കന്യാസ്ത്രീമാർക്കെതിരേയുള്ള വ്യാജ എഫ്ഐആർ റദ്ദാക്കാൻ നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. കേസ് എൻഐഎ കോടതിക്കു വിട്ട സെഷൻസ് കോടതിയുടെ നടപടിക്രമത്തിൽ പാളിച്ചകളുണ്ടെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ എൻഐഎ കേസുകൾ പാടുള്ളൂവെന്നതാണു ചട്ടം. ഇതു പരിഗണിക്കാതെയാണ് കോടതി കേസ് എൻഐഎക്കു വിട്ടത്.
ഇതിനിടെ, ജാമ്യാപേക്ഷ നൽകാനായി ഛത്തീസ്ഗഡിൽത്തന്നെയുള്ള അഭിഭാഷകനെ നിയോഗിക്കാൻ സിബിസിഐ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന നിയമവിദഗ്ധരുടെ യോഗം തീരുമാനിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, അഭിഭാഷകരായ പി.ഐ. ജോസ്, സിസ്റ്റർ മേരി സിറിയക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.