ന്യൂഡൽഹി: കഴിഞ്ഞ മാസം വലിയൊരു ശുചീകരണയജ്ഞത്തിലൂടെ പാഴ്വസ്തുക്കൾ വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപയുടെ വരുമാനം. 84 മന്ത്രാലയങ്ങളിൽനിന്നുള്ള പാഴ്വസ്തുക്കളുടെ വിൽപ്പനയാണ് നടന്നത്. വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ 615 കോടി രൂപയുടെ ബജറ്റിനേക്കാൾ കൂടുതൽ വരുമാനമാണ് നേടിയത്.
ഒക്ടോബർ രണ്ടു മുതൽ 31 വരെയായിരുന്നു ഈ വർഷത്തെ കാന്പെയിൻ. ഇതിലൂടെ 232 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം ഒഴിവായി. ഏറ്റവും ഉയർന്ന കണക്കാണിത്. 29 ലക്ഷം ഭൗതിക ഫയലുകൾ നീക്കം ചെയ്തു. ഇതും ഉയർന്ന എണ്ണമാണ്. റിപ്പോർട്ടുകൾ പ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസിന്റെ ഏകോപനത്തിൽ നടന്ന ഈ കാന്പയ്ന് ഏകദേശം 11.58 ലക്ഷം ഓഫീസ് സ്ഥലങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.
ഈ വർഷത്തെ കണക്കുകൂടി ചേർത്ത് 2021ൽ ആരംഭിച്ച വാർഷിക ശുചീകരണ യജ്ഞത്തിലൂടെ പാഴ്വസ്തുക്കളുടെ വിൽപ്പനയിൽ കേന്ദ്രം നേടിയ മൊത്തം വരുമാനം 4100 കോടി രൂപയായി. ഇതുവരെ ആകെ 23.62 ലക്ഷം ഓഫീസുകളെ പരിധിയിൽ കൊണ്ടുവന്നു. 166.95 ലക്ഷം ഫയലുകൾ നീക്കം ചെയ്തു. ആകെ 928.84 ലക്ഷം ചതുരശ്ര സ്ഥലം തിരിച്ചുപിടിച്ചു.

