ഭുവനേശ്വർ: ഒഡീഷയിലെ കോളജ് വിദ്യാർഥിനി അധ്യാപകന്റെ ലൈംഗികപീഡനത്തെത്തുടർന്ന് സ്വയം തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുജിസി. നാലംഗ കമ്മിറ്റി കേസ് അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശിപാർശകളും സമിതി നൽകും.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുകയാണ്. ഇതേത്തുടർന്ന്, സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും പ്രതികൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പുനൽകിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:45യോടെയാണ് വിദ്യാർഥിനി മരിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി പെൺകുട്ടിയെയും കുടുംബത്തെയും കണ്ടിരുന്നു. ബാലസോറിലെ കോളജിൽ രണ്ടാംവർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപകനെതിരേ ലൈംഗികപീഡന പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്.
സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെഡി പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. കോളജ് പ്രിൻസിപ്പലിനെയും ആരോപണ വിധേയനായ അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു