ഒടിയനൊപ്പം സെല്‍ഫിയെടുക്കാന്‍ അവസരം ! ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രവുമായി ഒടിയന്‍ ടീം

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രങ്ങളുമായി ഒടിയന്‍ ടീം. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കൊണ്ടാണ് ഒടിയന്‍ ടീം പ്രൊമോഷന്‍ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലൊന്ന് ഇതാദ്യമായാണെന്നാണ് മോഹന്‍ലാലും ഒടിയന്‍ ടീമും അവകാശപ്പെടുന്നത്. കൊച്ചി ലുലുമാളിലുള്ള പിവിആറില്‍ മോഹന്‍ലാലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും.മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല. എന്തായാലും ഒടിയനൊപ്പം സെല്‍ഫിയെടുക്കാനുള്ള അവസരം ആരാധകര്‍ പാഴാക്കില്ലെന്നുറപ്പാണ്.

Related posts