കൊച്ചി: ആലുവ തോട്ടുമുഖത്തെ കടയില്‍ നിന്നും 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷ്ടിച്ച കേസിലെ പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മോഷണം നടന്ന കടയ്ക്ക് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെയും ഇവിടെ നിന്ന് മറ്റ് വഴികളിലുള്ള സിസിടിവിയും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തി വരുന്നത്.
കടയിലെ സിസിടിവി ക്യാമറയുടെ വയര്‍ മോഷ്ടാവ് മുറിച്ചിരുന്നെങ്കിലും ദ്യശ്യങ്ങള്‍ നേരത്തെ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാണ് അന്വേഷണം. പ്രതിയെ വൈകാതെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
ആലുവ തോട്ടുമുഖം പാലത്തിന് സമീപം ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് കടയില്‍നിന്ന് 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. കടയുടെ പൂട്ട് തകര്‍ത്ത ശേഷമായിരുന്നു മോഷണം.
540 രൂപ വീതം വരുന്ന പ്രീമിയം ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്കൊപ്പം 10 ലിറ്റര്‍ പാല് പായ്ക്കറ്റും മോഷ്ടിച്ചിട്ടുണ്ട്. കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പുട്ടുതകര്ത്ത് അകത്തുകടന്നത്. ഫ്രിഡ്ജില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷം കടയിലെ ചാക്കിലാക്കിയാണ് സാധനങ്ങള്‍ കൊണ്ടുപോയത്.