കോട്ടയം: സ്വന്തം പാടത്തു അധ്വാനിച്ചു വിളയിച്ച നെല്ല് സര്‍ക്കാരിനു വിറ്റതിനുശേഷം വില കിട്ടാതെ കടയില്‍ നിന്ന് അരി കടം വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടാണ് നെല്‍കര്‍ഷകര്‍ക്ക്. മാര്‍ച്ചില്‍ വിറ്റ നെല്ലിന് ഓഗസ്റ്റ് അവസാനിക്കാറായിട്ടും പണം കിട്ടിയിട്ടില്ല. പണം കിട്ടാന്‍ വൈകിയതുകൊണ്ട് വിരിപ്പുകൃഷി വേണ്ടെന്നുവയ്ക്കേണ്ടി വന്നവരും കുറവല്ല.
ഓണത്തിന് ഏതാനും ധാന്യങ്ങള്‍ സപ്ലൈകോയില്‍ വിലകുറച്ചു വിറ്റതുകൊണ്ടൊന്നും നെല്കര്ഷകന് ഓണം കേമമാകില്ല. ഏതാനും വീട്ടുസാധനങ്ങള്‍ക്ക് എല്ലാംകൂടി സപ്ലൈകോ നൂറു രൂപയുടെ കുറവ് നല്‍കുന്നതായി വീരവാദം പറയുന്ന കൃഷിമന്ത്രി അറിയുന്നില്ല നെല്‍കര്‍ഷകരുടെ നരകയാതന.
കഴിഞ്ഞ കൃഷിയിറക്കാന്‍ ബ്ലേഡുകാരില്‍നിന്നും ബാങ്കുകളില്‍നിന്നും കടംവാങ്ങിയ പണത്തിന് നല്കിക്കൊണ്ടിരിക്കുന്ന കൊള്ളപ്പലിശയുടെ ആയിരത്തിലൊന്നു വരില്ല പരിപ്പിനും പയറിനും പഞ്ചസാരയ്ക്കും കിട്ടുന്ന നേരിയ വിലയിളവ്. പണയംവച്ച ആഭരണങ്ങള്‍ തിരികെയെടുക്കാനാവാതെ അത് ജപ്തി ചെയ്തുകൊള്ളാന്‍ ബാങ്കുകാര്‍ക്ക് കത്ത് നല്കിയ കര്‍ഷകരും ജില്ലയിലുണ്ട്.
അഞ്ചു മാസം മുന്‍പ് സപ്ലൈകോ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന് ജില്ലയില്‍ ഇനിയും നല്‍കാനുള്ളത് 60 കോടി രൂപയാണ്. 100 കോടി രൂപ ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ ഇത് വിതരണം ചെയ്യേണ്ടതിനാല്‍ ചെറിയ വിഹിതമേ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കൂ.
എസ്ബിഐ, കാനറ ബാങ്കുകളാണ് തുക ലോണായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ തുച്ഛമായ തുക വകയിരുത്തുന്ന സാഹചര്യത്തില്‍ പണം വിതരണത്തില്‍ പരിമിതിയുണ്ടെന്നാണ് ബാങ്കുകളുടെ ന്യായം.മുന്‍പൊരിക്കലും ഇല്ലാത്തവിധം 25 കിലോ വരെ കിഴിവ് നല്‍കിയാണ് കര്‍ഷകര്‍ മില്ലുകാര്‍ക്ക് നെല്ല് വിറ്റത്.
അതായത് 100 കിലോ നെല്ലിന്റെ വില ലഭിക്കുമ്പോള്‍ 25 കിലോ നെല്ല് മില്ലുകാര്‍ക്ക് വെറുതെ കൊടുക്കേണ്ട ഗതികേടുണ്ടായി. വേണ്ടത്ര കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിക്കുന്നതിലും മില്ലുകാരെ നിയോഗിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വീഴ്ചയുടെ തിക്താനുഭവമാണ് ഓരോ കൊയ്ത്തിലും കര്‍ഷകര്‍ നേരിടുന്നത്.