കൊച്ചി: എറണാകുളത്ത് നടന്ന ഖാദി ഫാഷന്‍ ഷോയില്‍ മോഡലായെത്തി റാമ്പ് വാക്ക് നടത്തി മന്ത്രി പി. രാജീവ് കൈയടി നേടിയതിനു പിന്നാലെ ഇത്തവണത്തെ ഓണം വില്പനയില് ഖാദി വസ്ത്രങ്ങളും കൂടുതല്‍ കളറായി.കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് ഓണക്കാല വസ്ത്ര വിപണിയിലെ ഇത്തവണത്തെ വിറ്റുവരവ് 30 കോടി രൂപയാണ്. ‘
എനിക്കും വേണം ഖാദി’ എന്ന ടാഗ് ലൈനോടെ വിപണിയിലെത്തിയ ഖാദി വസ്ത്രങ്ങളെ ഓണക്കാലത്ത് മലയാളികള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.സംസ്ഥാനത്ത് കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഇവിടെ 4.82 കോടി രൂപയുടെ വില്പന നടന്നു.
3. 54 കോടി രൂപയുടെ വില്പനയുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ജില്ലയില്‍ 2.93 കോടി രൂപയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്പനയില് 10 ശതമാനം വര്‍ധനയുണ്ടായി എന്ന് ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് പറഞ്ഞു. ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് ഖാദിയുടെ ഓണക്കാല വില്പന നടന്നത്.
ഖാദി വസ്ത്രങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കാനും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ പ്രചാരം ലഭിക്കാനുമായി ഖാദി വൈബ്സ് ആന്‍ഡ് ട്രെന്‍ഡ്സ് എന്ന പേരില്‍ ഡിസൈനര്‍ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും ഖാദി പട്ട് സാരികളുമെല്ലാം ഇത്തവണത്തെ ഓണം വിപണിയിലുണ്ടായിരുന്നു.
കരുമാലൂര്‍ ഖാദി സാരി, ഡിജിറ്റല്‍ പ്രിന്റുള്ള സാരികള്‍, പോച്ചംപിള്ളി പട്ട് സാരി, പാലക്കാടന്‍ പട്ട് സാരി, പയ്യന്നൂര്‍ പട്ട് സാരി, ആരണി പട്ട് സാരി, കസവുമുണ്ടുകള്‍, പ്രിന്റഡ് ടോപ്പ്, കലംകാരി, അജ്റക്ക് പ്രിന്റുള്ള ഷര്‍ട്ടുകള്‍ ഇവയ്ക്കെല്ലാം ഓണക്കാല ഖാദി സ്റ്റാളുകളില്‍ വന്‍ ഡിമാന്‍ഡ് ആയിരുന്നു.
തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷല്‍ റിബേറ്റും ഉണ്ടായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം മേളകളില്‍ ഒരുക്കിയിരുന്നു.
- സീമ മോഹന്‍ലാല്‍