ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്ക് പ്രകാരം സ്വന്തം വീട്ടില്‍ എയര്‍ഗണ്‍കൊണ്ട് വെടിയുതിര്‍ത്ത പതിനാലുകാരന് കിട്ടിയത് എട്ടിന്റെ പണി. ഉപ്പള ദേശീയപാതയോരത്തെ പ്രവാസിയുടെ വീടിനു നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തെന്ന പരാതി വ്യാജമാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
നവംബര്‍ എട്ടിനു വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വെടിവയ്പില്‍ പ്രവാസിയുടെ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് തകരുകയായിരുന്നു. പതിനാലുകാരനായ മകന് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മയും മറ്റു രണ്ടു മക്കളും പുറത്തു പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പെല്ലറ്റുകള്‍ ബാല്‍ക്കണിയില്‍നിന്നു കണ്ടെടുത്തു. വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം വീടിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഉടന്‍തന്നെ അവര്‍ സ്ഥലംവിട്ടതായും പതിനാലുകാരൻ പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, പ്രദേശത്തെ വിവിധ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു കാര്‍ കണ്ടെത്താനായില്ല.
സംശയം തോന്നിയ പോലീസ് സംഘം കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടി തന്നെ വെടിയുതിര്‍ത്തതാണെന്ന് പോലീസിനോട് സമ്മതിച്ചു. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ കുട്ടി ഗെയിമില്‍ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞാല്‍ അമ്മ വഴക്കു പറയുമെന്നു പേടിച്ച് കഥ മെനയുകയായിരുന്നു. കുട്ടിയില്‍നിന്നു പോലീസ് തോക്കും പെല്ലറ്റുകളും കണ്ടെടുത്തു. കുട്ടിക്ക് എവിടെനിന്നാണു തോക്ക് ലഭിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എന്താണ് പ്രചോദനമായതെന്നുമുള്ള കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വളരെ അഭ്യൂഹം നിറഞ്ഞ വാര്‍ത്തകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്.
മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.ആര്. ഉമേഷ്, വൈഷ്ണവ് രാമചന്ദ്രന്, ശബരി കൃഷ്ണന്, എഎസ്ഐ അജിത് എന്നിവരടങ്ങിയ സംഘത്തിന്റെ സമഗ്രമായ അന്വേഷണത്തിലാണ് കേസിന്റെ സത്യാവസ്ഥ പുറത്തുവന്നത്. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

