ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാകും നമ്മളെല്ലാവരും. ഇഷ്ടമുള്ള സാധനങ്ങൾ ഓരോന്ന് നോക്കി ഏത് സമയത്തും വാങ്ങാം എന്നുള്ളതിനാൽത്തന്നെ ഓൺലൈൻ സൈറ്റുകളെ നമ്മൾ പൊതുവെ ആശ്രയിക്കും. എന്നാൽ നമ്മൾ അറിയാതെ ഓൺലൈനിൽ നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്താലുള്ള അവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു എട്ട് വയസുകാരൻ മാതാപിതാക്കൾ അറിയാതെ ആമസോൺ വഴി അവനു ആവശ്യമുള്ള സാധനം ഓർഡർ ചെയ്തു. എന്താണെന്ന് കേൾക്കുന്പോഴാണ് അത്ഭുതം. എഴുപതിനായിരം ലോലിപോപ്പുകള്. അതായത് 3.3 ലക്ഷം രൂപയുടെ ലോലിപോപ്പുകൾ ആണ് അവൻ ഓർഡർ ചെയ്തത്. കെന്റക്കിയിൽ ആണ് സംഭവം.
8 വയസുകാരൻ ലിയാം ആണ് അമ്മയുടെ ഫോൺ ഉപയോഗിച്ച് എഴുപതിനായിരത്തോളം ലോലിപോപ്പുകൾക്ക് ഓർഡർ കൊടുത്തത്. അമ്മയായ ലാഫേഴ്സ് ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ ഓർഡർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഓർഡർ കാൻസൽ ചെയ്യാൻ നോക്കുന്നതിനു മുന്നേ 22 വലിയ പെട്ടികളിലായി ലോലിപോപ്പ് അവരുടെ വീട്ടുപടിക്കൽ എത്തിയിരുന്നു.
ഇവയെല്ലാം കണ്ടപ്പോൾ താൻ ബോധരഹിതയായി പോയിയെന്നാണ് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ ഇവർ പറഞ്ഞത്. കാഷ് ഓൺ ഡെലിവറി അല്ലായിരുന്ന ലിയാം ചെയ്തത്. അവൻ നേരത്തേ തന്നെ ലോലിപ്പോപ്പിനുള്ള പണവും അടച്ചിരുന്നു. അവിടം കൊണ്ടും കഥ തീർന്നില്ല. ഫോൺ വീണ്ടും പരിശോധിച്ചപ്പോഴാണ് എട്ടുപെട്ടി ലോലിപോപ്പുകൾ കൂടി വരുന്നുണ്ടെന്ന് ലാഫേഴ്സ് മനസിലാക്കിയത്.
ഒടുവിൽ കൊറിയർ സർവീസുകാരുമായി ബന്ധപ്പെട്ട് ആ പാക്കേജുകൾ തിരിച്ചയക്കാൻ അവർക്ക് സാധിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായ ഉടനെ തന്നെ താൻ ആമസോണുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ വിശദമാക്കിയപ്പോൾ സാധനം തിരികെ എടുത്ത് പണം തിരികെ നിൽക്കാമെന്ന് സമ്മതിച്ചതായുമാണ് ലാഫേഴ്സ് പറയുന്നത്.