മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി.
കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം പണിയുന്നതിനു പണം അനുവദിച്ചിരുന്നു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപയാണ് അനുവദിച്ചത്. മൂന്നുനില കെട്ടിടത്തിന്റെ തൂണുകള്‍ ഉള്‍പ്പെടെ അടിസ്ഥാന നിര്‍മാണങ്ങള്‍ അന്നു പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടം നിര്‍മിക്കാനാണ് ഇപ്പോള്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. നിര്‍മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ഭരണാനുമതിക്കായി പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് 50 വര്‍ഷം പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുമാണ്. പുതുപ്പള്ളിയിലെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളായ സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി ഒട്ടേറെ ഓഫീസുകള്‍ ഇപ്പോള്‍ വാടകക്കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.
മിനി സിവില്സ്റ്റേഷന് പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കെട്ടിടത്തിലേക്കു മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.