മധ്യപ്രദേശ് സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തണമെന്ന് ആവശ്യം. ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്, പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശിലെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഈ ആവശ്യമുയർത്തിയത്.
സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുന്നതു ശരിയായ നടപടിയാണെന്നും സംസ്ഥാന സർക്കാർ അതിനെക്കുറിച്ച് പരിഗണിക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സായുധ സേന 30 മിനിറ്റിനുള്ളിൽ നശിപ്പിച്ചുവെന്നും ഇത് ചരിത്രപരമാണെന്നും എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ പറഞ്ഞു.