കുമരകം: നെല്ലിന്റെ വില ഒരു രൂപ എണ്പതു പൈസ കൂട്ടി 28.20 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ച സർക്കർ നടപടി വഞ്ചനയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. 2021 ൽ ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സപ്ലൈകോ സംഭരിച്ചത്.
2021 ല്‍ കേന്ദ്ര വിഹിതം 19.40 രൂപയായിരുന്നു. കേരളത്തിന്റെ വിഹിതം 8.80 രൂപയും. അങ്ങനെയാണ് 28.20 രൂപനെല്ലുവിലയായി കര്‍ഷകര്‍ക്ക് നല്‍കിയത് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ ഒരു രൂപയും 2023 ല്‍ ഒരു രൂപ 43 പൈസയും 2024ല്‍ ഒരു രൂപ 17 പൈസയും 2025ല്‍ 69 പൈസയും സംഭരണവില വര്‍ധിപ്പിച്ചു. ആകെ വര്‍ധന നാലു രൂപ 29 പൈസ.
2021 ലെ വിലയായ 28 രൂപ 20 പൈസയോടൊപ്പം കേന്ദ്രം വര്‍ധിപ്പിച്ച നാലു രൂപ 29 പൈസയും കൂടെ നല്കിയാല് 32 രൂപാ 49 പൈസയെങ്കിലും ഒരു കിലോ നെല്ലിന് നല്‍കേണ്ട സ്ഥാനത്താണ് 30 രൂപാ മാത്രം നല്‍കുമെന്ന വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും സംഭരണവില വര്‍ധിപ്പിച്ചതിനു തുല്യമായി ചെറിയ വര്‍ധന സംസ്ഥാനവും വരുത്തിയിരുന്നെങ്കില്‍ കുറഞ്ഞത് 35 രൂപയെങ്കിലും ഇപ്പോള്‍ കര്ഷകന് നെല്ലുവില ലഭിക്കുമായിരുന്നു.
നെല്ലുസംഭരിക്കുന്ന സ്വകാര്യ റൈസ് മില്ലുകാര്‍ക്ക് കേറ്റിയിറക്കു കൂലിയും പ്രോസസിംഗ് ചാര്‍ജു പല തവണ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്കി. എന്നാല്‍ നെല്ലുസംഭരണം സപ്ലൈകോ ആരംഭിച്ച നാള് മുതല്‍ കര്ഷകന് ക്വിന്റലിന് 12 രൂപയാണ് കൈകാര്യചെലവായി നല്‍കുന്നത്. നെല്ല് ചാക്കില്‍ നിറച്ച് ലോറിയില്‍ അട്ടിവച്ച് നല്‍കുന്നതിനാണ് 12 രൂപാ കര്ഷകന് സര്‍ക്കാര്‍ ദാനമായി നല്‍കുന്നത്.
ഓരോ വര്‍ഷവും ചുമട്ടുതൊഴിലാളികള്‍ കര്‍ഷകരില്‍നിന്ന് കൂലി കൂട്ടിക്കൊണ്ടിരുന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 170 രുപാ കര്ഷകന് ചുമട്ടുതൊഴിലാളികള്‍ക്കു നല്‍കുമ്പോഴാണ് 12 രൂപ കര്ഷകന് ലഭിക്കുന്നത്.
ഈ വിരിപ്പു കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചിട്ട് ഒരു മാസത്തിലേറെയായിട്ടും നെല്ലുസംഭരണത്തിന് മില്ലുടമകള്‍ എത്തുന്നില്ല. സ്വകാര്യ മില്ലുമായി സര്‍ക്കാര്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. വേനല്‍ മഴയും തുലാവര്‍ഷവും കര്‍ഷകന്റെ കൊയ്തുകൂട്ടിയ നെല്കൂന വെള്ളത്തിലാക്കുമ്പോഴും തരിശു കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പ് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ തക്ക സമയത്ത് വേണ്ടതൊന്നും ചെയ്യുന്നില്ല.
സ്വന്തം നിലം തരിശിടാതെ കൃഷിയിറക്കി എന്ന കുറ്റത്തിന് കഷ്ട നഷ്ടങ്ങള്‍ സഹിക്കുകയാണ്. കഷ്ടപ്പാടിനൊടുവില് കൊയ്തു കളത്തില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ലിന് സ്വകാര്യ മില്ലുകാര്‍ ചോദിക്കുന്ന കിഴിവ് ആദ്യമൊക്കെ ഒന്നും രണ്ടും കിലോ ആയിരുന്നെങ്കില്‍ ഇപ്പോഴത് 20-25 കിലോ വരെ എത്തി നില്ക്കുന്നു.

