കൊച്ചി: വിവാഹം കഴിഞ്ഞ ആറാം നാള് പ്രിയതമനെ നഷ്ടമായ ഹിമാന്‍ഷി എന്ന യുവതി കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ചിരിക്കുന്ന ചിത്രം മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്.
ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചിയിലെ നേവല്‍ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നര്‍വാളി(26)ന്റെ മൃതദേഹത്തിന്റെ ചിത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
മധുവിധു ആഘോഷിക്കാന്‍ കാഷ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാന്‍ഷിയും. ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം. 19 നായിരുന്നു റിസപ്ഷന്. വിവാഹത്തോടനുബന്ധിച്ച് വിനയ് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം ഇരുവരും കാഷ്മീരില്‍ എത്തിയത്.
എന്നാല്‍ വിവാഹത്തിന്റെ ആറാം നാള് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാന്‍ഷിയുടെ ജീവിതത്തിന്റെ വസന്തത്തെ ഇല്ലാതാക്കി. ഹിമാന്‍ഷിയുടെ കണ്മുന്നിലാണ് ഭീകരര്‍ വിനയിനെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് വിനയ് നാവികസേനയില്‍ ചേര്‍ന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു.