ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 28 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.
എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലെത്തിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.
പഹൽഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ബൈസരണിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ഭീകരാക്രമണം. ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ജമ്മു കാഷ്മീരിൽ നാട്ടുകാർക്കുനേരേയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയാണ് ടിആർഎഫ്.
സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയത്. ജമ്മുവിലെ കിഷ്താർ വഴിയാണു ഭീകരർ ബൈസരണിലെത്തിയെന്നാണു റിപ്പോർട്ട്. പാക്കിസ്ഥാനിൽനിന്നു പരിശീലനം നേടിയവരും ഭീകരരിൽ ഉൾപ്പെടുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ബൈസരണിലെ പൈൻ മരക്കാട്ടിൽനിന്നെത്തിയ ഭീകരർ വിനോദസഞ്ചാരികൾക്കുനേരേ പല റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ നിരവധിപ്പേർ രക്തത്തിൽ കുളിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ ഏതാനും പേരെ പ്രദേശവാസികൾ അവരുടെ കുതിരപ്പുറത്താണ് റോഡിലെത്തിച്ചത്