ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുന്പോഴും 26 പേരെ കൂട്ടക്കൊലചെയ്ത ഭീകരർ ഇനിയും പിടിയിലായിട്ടില്ല. ഇന്ത്യൻ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ കൂട്ടക്കൊലയ്ക്കു സഹായം നല്കിയ ഒരാളുൾപ്പെടെ ആറ് ഭീകരരെ വകവരുത്തിയിരുന്നു.
എന്നാൽ, കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിലാണ്. ഭീകരാക്രമണത്തിനുശേഷം കാടുകളിൽ ഒളിച്ച ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ഭീകരാക്രമണത്തിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യവും ഉത്തരമില്ലാതെ ശേഷിക്കുന്നു.
കഴിഞ്ഞമാസം 22ന് ഉച്ചകഴിഞ്ഞായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട ഭീകരരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. മതം ചോദിച്ച് ആളുകളെ തരംതിരിച്ച് നിർത്തിയശേഷമായിരുന്നു കൂട്ടക്കൊല. രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടയാൻ സാധിച്ചതും ഭീകരരെ അയച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകാൻ ആയതും ആശ്വാസകരമായി.