ചണ്ഡീഗഢ്: പഹൽഗാം ഭീകരാക്രമണ ഇരകളെക്കുറിച്ചുള്ള തന്റെ പരാമർശം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വളച്ചൊടിച്ചതാണെന്നും ആരെയും അപമാനിക്കാൻ ലക്ഷ്യമിട്ടല്ലെന്നും ബിജെപി രാജ്യസഭാ എംപി രാം ചന്ദർ ജാൻഗ്ര.
“എന്റെ രാജ്യത്തെ സ്ത്രീകളെ ദുർബലരായി കാണാറില്ല. പഹൽഗാം ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണു നിലകൊള്ളുന്നത്. എന്റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു- വീഡിയോ സന്ദേശത്തിൽ ജാൻഗ്ര പറഞ്ഞു.
പഹൽഗാമിലെ വിനോദസഞ്ചാരികൾ തീവ്രവാദികൾക്കെതിരേ പോരാടണമായിരുന്നുവെന്നും ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ വീരാംഗനകളെപ്പോലെ പെരുമാറണമെന്നുമായിരുന്നു ജാൻഗ്രയുടെ പരാമർശം. സംഭവം പ്രതിപക്ഷ പാർട്ടികളുടെ വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ജാൻഗ്രയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.