പുരി (ഒഡീഷ): പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയുമായുള്ള ഒഡീഷ യൂട്യൂബർ പ്രിയങ്ക സേനാപതിയുടെ ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തി കടന്നുള്ള ചാരവൃത്തി ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി.
പ്രിയങ്കയുടെ ബാങ്ക് ഇടപാടുകളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുകയാണ്. പ്രിയങ്കയുടെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുരി സന്ദർശിച്ചപ്പോൾ ജ്യോതി താമസിച്ചിരുന്ന ജഗന്നാഥ് ഭക്ത് നിവാസ് ഗസ്റ്റ് ഹൗസിലും പോലീസ് പരിശോധന നടത്തി.
ഒരു യുവതിയോടൊപ്പമാണ് ജ്യോതി ഗസ്റ്റ് ഹൗസിലെത്തിയതെന്ന് ജീവനക്കാർ പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്.തന്റെ മകൾ സോഷ്യൽ മീഡിയ വഴിയാണ് ജ്യോതിയുമായി പരിചയപ്പെട്ടതെന്ന് പ്രയങ്കയുടെ അച്ഛൻ രാജ്കിഷോർ മാധ്യമങ്ങളോടു പറഞ്ഞു. പുരി സന്ദർശന വേളയിൽ ജ്യോതിക്കുവേണ്ട സഹായം ചെയ്തതായും രാജ്കിഷോർ പറഞ്ഞു.
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പന്ത്രണ്ടിലേറെപ്പേർ പിടിയിലായിട്ടുണ്ട്. പാക്കിസ്ഥാനുവേണ്ടി ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന ചാരശൃംഖലയുടെ ഭാഗമാണിവരെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.