ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗൈനേഷൻ (ഡിആർഡിഒ) ജീവനക്കാരനെ പോലീസ് സിഐഡി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് (32) ആണ് പിടിയിലായത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്നുമുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
ഉത്തരാഖണ്ഡ് അൽമോറയിലെ പല്യുൻ സ്വദേശിയാണ് ഇയാൾ. സോഷ്യൽ മീഡിയ വഴി പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ ആർമി ഓഫീസർമാരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ പാക്കിസ്ഥാനു നൽകി. ജയ്സാൽമീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് തന്ത്രപരമായ പ്രതിരോധ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനുള്ള നിർണായകകേന്ദ്രമാണ്.
കസ്റ്റഡിയിലെടുത്തശേഷം, ഇയാളെ സുരക്ഷാ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ സമഗ്രമായ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കി. ഡിആർഡിഒയുടെയും ഇന്ത്യൻ സൈന്യത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അയാൾ പാക്കിസ്ഥാനുമായി പങ്കിട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാളുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കണക്കിലെടുത്ത്, ദേശവിരുദ്ധ, വിധ്വംസക പ്രവർത്തനങ്ങൾക്കെതിരേ രാജസ്ഥാൻ സിഐഡി ഇന്റലിജൻസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് സിഐഡി (സെക്യൂരിറ്റി) ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു.