കൊല്ലം: അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതിനെ അതിവേഗം നേരിടുന്നതിനു റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്.
ആദ്യഘട്ടത്തിൽ സെൻട്രൽ റെയിൽവേയിലെ 117 സ്റ്റേഷനുകളിലാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇത് ഏർപ്പെടുത്തിക്കഴിഞ്ഞു.
സ്റ്റേഷനുകൾക്ക് ഉള്ളിൽ യാത്രക്കാർ ശ്രദ്ധിക്കുന്ന തരത്തിൽ ഇരുവശത്തുമായിട്ടാണ് ബട്ടണുകൾ സ്ഥാപിക്കുക.അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് റെയിൽവേ സംരക്ഷണ സേനയെ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉടൻ ജാഗ്രതാ സന്ദേശം ലഭിക്കും.ഇതുവഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർക്ക് സാഹചര്യങ്ങൾ വിലയിരുത്തി ഉടൻ സഹായം എത്തിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ സാധിക്കും.
എന്നാൽ ഈ സൗകര്യം ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും റെയിൽവേ അധികൃതർക്കുണ്ട്.പക്ഷേ ട്രെയിനുകളിലെ കോച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ രാജ്യത്തെ എല്ലാ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഏത് നിയമവിരുദ്ധ പ്രവർത്തനവും നിരീക്ഷിക്കപ്പെടും എന്നും അധികൃതർ പറയുന്നു.
രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ 2023 ൽ റെയിൽവേ മന്ത്രാലയം തീരുമാനം എടുത്തിരുന്നതാണ്. എന്നാൽ പിന്നീട് തുടർ നടപടികൾ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ജൂൺ ഒമ്പതിന് മുംബൈയിലെ സബർബൻ മേഖലയിൽ ഉണ്ടായ ലോക്കൽ ട്രെയിൻ ദുരന്തത്തെ തുടർന്നാണ് അടിയന്തരമായി പാനിക് ബട്ടൺ സ്ഥാപിക്കാൻ മന്ത്രാലയം നടപടി എടുത്തത്. റെയിൽടെൽ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിനാണ് സ്റ്റേഷനുകളിൽ ഇത്തരം ബട്ടണുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്.
എസ്.ആർ. സുധീർ കുമാർ