തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ട്രെയിൻ തടയുന്നു. തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വേണാട് എക്സ്പ്രസ് 35 മിനിറ്റ് തന്പാനൂരിൽ സമരക്കാർ തടഞ്ഞിട്ടു.
വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞതോടെ പൊതുപണിമുടക്കിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച സംസ്ഥാനത്ത് റെയിൽവേ ഗതാഗതം താറുമാറായിരുന്നു. രാവിലെ മുതൽ ട്രെയിനുകൾ സമരാനുകൂലികൾ തടഞ്ഞതോടെ മിക്ക ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് ഓടിയത്. രാത്രി വൈകിയും ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ ആയിരുന്നില്ല.
ട്രെയിനുകൾ തടയുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നെങ്കിലും വ്യാപകമായി ട്രെയിനുകൾ തടഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലായി. ദീർഘദൂര ട്രെയിനുകളിൽ നാട്ടിലേക്ക് വന്നവർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി.