പെരുമഴ തുടരുന്നതിനിടെ സോഷ്യൽ മീഡിയ പേജിലൂടെ അവധി ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. നിറയെ തെറ്റുകൾ നിറഞ്ഞ അവധി അപേക്ഷ കണ്ട് കളക്ടറും ചിരിച്ചു പോയി . അവധി ചോദിക്കാതെ സ്ഥിരമായി സ്കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കുക.
ഇന്ന് അവധി ഇല്ല. നന്ദി- എന്നായിരുന്നു കളക്ടറുടെ മറുപടി കമന്റ്.കനത്ത മഴയും ജില്ലയുടെ കാലാവസ്ഥയും കണക്കിലെടുത്ത് അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. വായിച്ചെടുക്കാൻ തന്നെ പ്രയാസം. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കണമെന്ന് കളക്ടർ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യൽമീഡിയയിൽ കമന്റുകൾ വന്നു.
മഴക്കാലം ആയാൽ പിന്നെ കളക്ടറുടെ എഫ്ബി പേജിൽ അവധി ചോദിച്ചു കൊണ്ടുള്ള അപേക്ഷകളുടെ പ്രളയമാണ്.ഇപ്പോൾ അവധിക്കാലം ആയതിനാൽ അല്പം കുറവുണ്ടെന്നു മാത്രം. ഇതിനിടെ കഴിഞ്ഞദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം സ്പെഷൽ ക്ലാസുകളും ട്യൂഷനും ഉൾപ്പെടെ നിർത്തിവയ്പിച്ച് അവധി നൽകിയിരുന്നു.
ഇതിന്റെ ആവശ്യം ഉൾക്കൊണ്ടാകണം രണ്ടുദിവസമായി അവധി അപേക്ഷകൾ കുട്ടികളുടേതായി എത്തുന്നത്. സ്കൂൾ തുറക്കുകയും മഴ തുടരുകയും ചെയ്താൽ പിന്നെ അവധിക്കായുള്ള കെഞ്ചലുകൾ പല രീതിയിലാകും. കൊച്ചു കുട്ടികൾ മുതൽ ഇതിനായി രംഗത്തുണ്ടാകും.