കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.
ചേരുവകൾ
കോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.
കോവലിന്റെ ഇല
ഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം. ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.
മത്തന്റെ ഇല
മത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്.
തകരയില
തകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് ഗുണപ്രദം.
തഴുതാമ
തഴുതാമയുടെ ഇലയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം ഉള്ളതിനാൽ ഇത് ഡൈ യൂററ്റിക്ക് ആയി ഉപയോഗിക്കുന്നു. മലബന്ധം, ഉയർന്ന രക്തസമ്മർദം, ചുമ എന്നിവയ്ക്കും ഗുണപ്രദം.
മുള്ളൻചീര
മുള്ളൻചീരയിൽ 84 ശതമാനത്തിലധികവും വെള്ളമാണ്. കൂടാതെ കാത്സ്യവും ഫോസ്ഫറസും അയണും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ പ്രതിരോധിക്കാനുള്ള ഔഷധ ഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുള്ളൻ ചീര.
താളിന്റെ ഇല
താളിന്റെ ഇലകൾക്ക് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. താളിന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
സാമ്പാർ ചീര
സാമ്പാർ ചീര, അഥവാ വാട്ടർലീഫ്, ഏറെ പോഷകഗുണങ്ങളുള്ള ഇലവർഗമാണ്. ഇത് രക്തക്കുറവിനും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ, രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഉത്തമം.വിറ്റാമിൻ എയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണിത്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ ഇലയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
കുന്പളത്തിന്റെ ഇല
കുമ്പളത്തിന്റെ ഇലയിൽ വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ അടങ്ങിയ ഊർജത്തിന്റെ കലവറയാണ് കുമ്പളങ്ങയില. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസം, ആമാശയ രോഗങ്ങൾ, അർശസ് എന്നിവയ്ക്കു വളരെ ഗുണപ്രദമാണ് കുമ്പളത്തിന്റെ ഇല.