പൂനെ: പൂനെയിലെ ഒരു പെട്രോൾ പമ്പില്‍നിന്ന് അടിച്ച പെട്രോളിൽ 80 ശതമാനത്തോളം വെള്ളം. പെട്രോളടിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾ അധികദൂരം ഓടുംമുന്പേ വഴിയില്‍ കിടന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പമ്പില്നിന്നടിച്ച പെട്രോളില്‍ ഭൂരിഭാഗവും വെള്ളമാണെന്നു കണ്ടെത്തിയത്. പൂനെയിലെ ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പിംപ്രി-ചിഞ്ച്വാഡിലെ ഷാഹുനഗറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ഇവിടെനിന്ന് ഇന്ധനം നിറച്ച് പമ്പില്‍നിന്നു പുറത്തേക്കിറങ്ങിയ വാഹനങ്ങൾ നിശ്ചലമാകുകയായിരുന്നു. ഒന്നോ രണ്ടോ ലിറ്റർ മാത്രം ഇന്ധനം നിറച്ചവർക്കും എഞ്ചിൻ തകരാർ അനുഭവപ്പെട്ടു. സംശയം തോന്നിയ ചില ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ ആളുകൾ പെട്രോൾ പമ്പിന് മുന്നിലേക്ക് ഇരുചക്രവാഹനങ്ങൾ കൊണ്ട് വന്ന് വാഹനങ്ങളിലെ പെട്രോൾ പമ്പിന് മുമ്പില്‍ മറിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ബോധപൂര്‍വമുള്ള പ്രവര്‍ത്തിയല്ലെന്നും ഭൂഗർഭ ഇന്ധന ടാങ്ക് തുരുമ്പെടുത്തതിനാൽ ടാങ്കിലേക്ക് വെള്ളം കയറുകയും പെട്രോളുമായി കലരുകയും ചെയ്തതാകാമെന്നും അധികൃതർ പറയുന്നു. എന്നാൽ ഇതിന്റെ യാഥാർഥ്യം എന്തെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.