കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളില്‍ എല്ലാവരെയും, മറ്റു പമ്പുകളില്‍ ആവശ്യപ്പെടുന്നവരെയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു ഹൈക്കോടതി.
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുഉപയോഗത്തിന് തുറന്നുനല്‍കണമെന്ന് അധികൃതര്‍ക്കു നിര്‍ബന്ധിക്കാനാകില്ലെന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്. ദേശീയപാതയിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി 24 മണിക്കൂറും തുറന്നുകൊടുക്കണം.
ശൗചാലയസൗകര്യം ഉണ്ടെന്ന ബോര്‍ഡും വയ്ക്കണം. മറ്റു മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും ഉപയോഗിക്കാനായി നല്‍കണം. പൊതുജനങ്ങളില്‍ ആരെങ്കിലും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷാഭീഷണിയുണ്ടെങ്കില്‍ മാത്രമേ നിഷേധിക്കാവൂ.
എന്നാല്‍, പെട്രോള്‍പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാണെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങള്‍ക്കു ബോര്‍ഡ് വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പമ്പുകളിലേതു സ്വകാര്യ ശൗചാലയങ്ങളാണെന്നും പൊതുശൗചാലയങ്ങളായി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമുള്ള വാദം കണക്കിലെടുത്തായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.