കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ കഴിയാതെ പോലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ വാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രം നടത്തിപ്പുകാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും കൊണ്ട് പോലീസ് ഇവിടെ എത്തിയെങ്കിലും കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 15,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനത്തെ തുടർന്ന് അസം സ്വദേശിയായ യുവാവ് മുഖേന മൂന്നുമാസം മുമ്പാണ് പെൺകുട്ടി കോഴിക്കോട്ടെത്തിയത്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടിയിൽനിന്ന് പോലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. രക്ഷപ്പെട്ട പെൺകുട്ടി താമസിച്ച സ്ഥലത്ത് വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും അവരെ മറ്റൊരിടത്തേക്ക് മാറ്റിയെന്നുമാണ് മൊഴി. പെൺകുട്ടികളെ താമസിപ്പിച്ച മുറി ഇയാൾ പുറത്തുനിന്ന് പൂട്ടുകയാണ് പതിവ്.
ഇയാൾ മുറി തുറന്നിട്ട് ഫോണുമായി പുറത്തേക്ക് പോയപ്പോഴാണ് പെൺകുട്ടി രക്ഷപ്പെട്ട് മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്തിയ മെഡിക്കൽ പരിശോധനക്കുശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി വെള്ളിമാടുകുന്ന് ചിൽഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു.