കൊച്ചി: കുറഞ്ഞ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങളും ധാരാളമുണ്ട്. പോന്‍സി സ്കീം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലാഭം മാത്രം; അപകടമില്ല
ലാഭം മാത്രം അപകടമില്ല എന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. പക്ഷേ, ഇതിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. പുതിയ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതാണ് ഈ തട്ടിപ്പുകള്‍. യാതൊരു നിയമിതമായ ബിസിനസോ ലാഭസ്രോതസോ ഇല്ല. പുതിയ ആളുകള്‍ ചേരുന്നത് നിര്‍ത്തിയാല്‍ ഉടന്‍ ഈ തട്ടിപ്പ് തകര്‍ന്ന് വീഴും. നിങ്ങളും നിങ്ങളുടെ പണവും നഷ്ടമാകുമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
എന്താണ് പോന്‍സി സ്കീം
നിക്ഷേപകര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉല്പന്നവും നിര്‍മിച്ചു വില്പന നടത്തി ലാഭമുണ്ടാക്കാതെ തന്നെ നിക്ഷേപകര്‍ക്ക് ആദ്യഘട്ടത്തില്‍ കൃത്യമായി ‘ലാഭ വിഹിതം’ നല്കി വിശ്വാസം ആര്‍ജിച്ചു പുതിയ നിക്ഷേപകരെ കൂട്ടത്തോടെ ആകര്‍ഷിക്കുന്ന മണിചെയിന്‍ പദ്ധതികളാണു ‘പോന്‍സി സ്കീമുകള്‍’. ഒരാളില്‍ നിന്നു നിക്ഷേപം ശേഖരിച്ച ശേഷം അയാള്‍ക്കു നല്‍കാനുള്ള ലാഭവിഹിതവും കമ്പനിയുടെ ലാഭവും മറ്റു രണ്ടു പേരില്‍ നിന്നും നിക്ഷേപമായി വാങ്ങുന്നു.
ഈ രണ്ടു പേര്‍ക്കു നല്‍കാനുള്ള ലാഭ വിഹിതം മറ്റു നാലുപേരില്‍ നിന്നും വാങ്ങുന്നു. ഇങ്ങനെ ഒന്ന് രണ്ടായും രണ്ട് നാലായും നാല് എട്ടായും എട്ട് പതിനാറായും നിക്ഷേപകരുടെ ചങ്ങല നീളുമ്പോള്‍ ഏതു നിമിഷവും ഈ വളര്‍ച്ച നിലയ്ക്കുന്ന സ്ഥിതിയുണ്ടാവും. ഇതോടെ ചങ്ങലയുടെ അവസാന ഘട്ടത്തില്‍ കണ്ണിചേര്‍ന്ന 80 ശതമാനം പേര്‍ക്കും പണം നഷ്ടപ്പെടും.
അവതരിപ്പിച്ചത് ചാള്‍സ് പോന്‍സി
ഇറ്റാലിയന്‍ വ്യവസായി ചാള്‍സ് പോന്‍സി അമേരിക്കയിലാണ് ഇത്തരം മണിചെയിന്‍ പദ്ധതി അവതരിപ്പിച്ചത്. ഒന്നാം ലോകയുദ്ധത്തിനു (1914– 18) ശേഷം അമേരിക്കന്‍ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കു നല്കുന്ന പലിശ നിരക്ക് രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെ താഴ്ത്തിയ ഘട്ടത്തിലാണു നിക്ഷേപങ്ങള്‍ക്കു എട്ട് ശതമാനം പലിശയ്ക്കു തുല്യമായ ലാഭവിഹിതം വാഗ്ദാനം ചെയ്തു ചാള്‍സ് പോന്‍സിയുടെ മണി ചെയിന്‍ കമ്പനി നിക്ഷേപ സമാഹരണം തുടങ്ങിയത്.
രണ്ടു വര്‍ഷത്തോളം ഇത്തരത്തില്‍ നിക്ഷേപകര്‍ക്കു ലാഭവിഹിതം കിട്ടി. കമ്പനി ഒന്നും ഉല്പാദിപ്പിക്കാതെയും വില്‍ക്കാതെയുമാണ് ഇത്രയും ലാഭവിഹിതം നല്‍കിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് 1920ല്‍ ബാങ്ക് പലിശ നിരക്ക് ഏഴ് ശതമാനത്തിലേക്കു വര്‍ധിപ്പിച്ചതോടെ പോന്‍സിയുടെ മണി ചെയിനിന്റെ വളര്‍ച്ച നിലച്ചു. കമ്പനി പൊട്ടി. അറസ്റ്റിലായ പോന്‍സി സാമ്പത്തിക വഞ്ചനക്കുറ്റത്തിനു തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു.
ജാഗ്രത പാലിക്കാം
1. അവിശ്വസനീയമായ ലാഭവാഗ്ദാനങ്ങള്‍. അതായത് 5,000 രൂപയ്ക്ക് ഏഴു ദിവസനത്തിനകം 15,000 രൂപ നല്കുന്നു
2. പണം എവിടെ നിക്ഷേപിക്കുന്നുവെന്നതില് വ്യക്തതയില്ല
3. ഇപ്പോള്‍ തന്നെ നിക്ഷേപിക്കുക
എന്ന പോലുള്ള അടിയന്തിര സമ്മര്‍ദം
4. മറ്റുള്ളവരെ പരിചയപ്പെടുത്താന്‍
ആവശ്യപ്പെടുക
5. ലൈസന്‍സ്, രജിസ്ട്രേഷന്,
പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാതിരിക്കുക
6. കേട്ടാല്‍ ഞെട്ടിക്കുന്ന അമിത ലാഭ
വാഗ്ദാനം യഥാര്‍ഥ്യത്തില്‍ അപകടം
തന്നെയാണെന്ന് ഓര്‍ക്കുക
7. സത്യമായ നിക്ഷേപങ്ങള്‍ക്ക് അപകട
സാധ്യതയുമുണ്ട് തീര്‍ച്ചയായ ലാഭം
ആരും ഉറപ്പുതരില്ല
8. തെളിവുകള്‍ പരിശോധിക്കാതെ
ആരും നിക്ഷേപിക്കരുത്
സ്വന്തം ലേഖിക