അന്പലപ്പുഴ: ബാലറ്റ് പരാമർശത്തിൽ പുലിവാലു പിടിച്ച് ജി.സുധാകരൻ. പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയെന്ന അഭിപ്രായം പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇത് തിരുത്തിയെങ്കിലും പുലിവാല് സുധാകരനെ വിട്ടൊഴിയാൻ സാധ്യത കുറവാണ്. കെ.വി.ദേവദാസ് മത്സരിച്ച കാലത്ത് പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ പരാമർശത്തെത്തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുധാകരന്റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.വെളിപ്പെടുത്തലിനെത്തുടർന്ന് സുധാകരനെതിരേ കേസെടുക്കാൻ പോലീസിനും കളക്ടർ നിർദേശം നൽകി.
ഇതോടെ പൊല്ലാപ്പു പിടിച്ച സുധാകരൻ രായ്ക്കുരാമാനം നിലപാട് മാറ്റിപ്പറയുകയായിരുന്നു. അൽപം ഭാവന കൂട്ടി പറഞ്ഞ പരാമർശമായിരുന്നു ഇതെന്നായിരുന്നു സുധാകരന്റെ പിന്നീടുള്ള പ്രതികരണം.പാർട്ടിയിലെ തരം താഴ്ത്തലിനെത്തുടർന്ന് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ പല തവണ പാർട്ടിക്കെതിരേയും സർക്കാരിനെതിരെയും ഒളിയമ്പുകൾ എയ്തിട്ടുണ്ട്.
ഇത്തരം പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്. ഇതിൽ ഒട്ടുവിലത്തെ പരാമർശമാണ് പോസ്റ്റൽവോട്ട് വിവാദം. സുധാകരന്റെ പരാമർശം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും സിപിഎം ഈ രീതിയിൽ പോസ്റ്റൽ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന സത്യവും ഇതിലൂടെ പുറത്തുവന്നു.
സുധാകരന്റെ വിവാദ പരാമർശത്തെക്കുറിച്ച് സിപിഎം ജില്ലാ, സംസ്ഥാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല. പരാമർശം പിൻവലിച്ചെങ്കിലും സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് സാധ്യത.