ചെറുതോണി: രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷ്യം വഹിച്ച മുത്തശി യാത്രയായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് വിടവാങ്ങിയത്. ചേലച്ചുവട് പുത്തൂക്കുടിയിൽ പരേതനായ ശങ്കരൻ കുടിയുടെ ഭാര്യ കുട്ടിയമ്മ (108) യാണ് വിടവാങ്ങിയത്.
1917ൽ ജനിച്ച കുട്ടിയമ്മയ്ക്ക് 99ലെ (1924)വെള്ളപ്പൊക്കം നല്ല ഓർമയുണ്ടായിരുന്നു. 99ലെയും 2018ലെയും വെള്ളപ്പൊക്കം ഓർമിക്കുന്ന അപൂർവം വ്യക്തികളിലൊരാളായിരുന്നു കുട്ടിയമ്മ. ഇടയ്ക്കിടെ പ്രളയകാലത്തെ വിശേഷങ്ങൾ കുട്ടിയമ്മ പറയുമായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ മകൻ ധനപാലൻ മങ്കുവ പറഞ്ഞു.
കൊല്ലവർഷം 1099-ലെ വെള്ളപ്പൊക്കത്തിന്റെ 101-ാം വാർഷികമാണ് ഇന്ന്. പ്രളയകാലത്തെ ഓർമകളുമായി പ്രളയ വാർഷികത്തലേന്ന് കുട്ടിയമ്മ യാത്രയായി. 108 വയസുണ്ടെങ്കിലും ഒരാഴ്ച മുമ്പുവരെ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കുമായിരുന്നു.
കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയായ കുട്ടിയമ്മ ഹൈറേഞ്ചിലെത്തിയിട്ട് 80 വർഷങ്ങൾ കഴിഞ്ഞു. ഭർത്താവ് ശങ്കരൻകുട്ടി 40 വർഷം മുമ്പ് മരണമടഞ്ഞു.