പരിയാരം: എഡിഎം കെ.നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടി ആരോഗ്യവകുപ്പ്.
എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവന ക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കാണിച്ചാണ് ആറ് മാസം മുൻപ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ കെ.വി. വിശ്വനാഥൻ എന്നിവർ പരിയാരത്ത് എത്തി പ്രശാന്തനിൽ നിന്നു മൊഴിയെടുത്തിരുന്നു.
ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർ അന്വേഷണമോ കൂടുതൽ അച്ചടക്ക നടപടിയോ സ്വീകരിക്കാൻ വകുപ്പ് ഇതുവരേയും തയാറായിട്ടില്ല.
2024 ഒക്ടോബർ 15ന് പുലർച്ചെയാണ് എഡിഎം കെ.നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.