അടിമാലി: ദേശീയപാതയോരത്ത് അന്പലപ്പടിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിനു സമീപത്തു വലിയൊരു ശബ്ദം കേട്ട് ഒാടിയെത്തിയവർ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി.
ഹോട്ടലിന്റെ മുകളിലേക്കു വലിയ മൺതിട്ട ഇടിഞ്ഞുവീണിരിക്കുന്നു. ഹോട്ടലിന്റെ പിൻവശത്തെ ബാത്ത്റൂം മണ്ണുകൊണ്ടു മൂടിയിരിക്കുന്നു. അടിമാലി വാഴയിൽ ശ്രീജേഷിന്റെ ഭാര്യയായ ഹോട്ടൽ ജീവനക്കാരി പ്രമീത(30) ബാത്ത് റൂമിലേക്കു നീങ്ങിയ സമയത്താണ് മണ്ണിടിഞ്ഞത്. ഭക്ഷണം കഴിക്കാനെത്തിയ അഞ്ചു പേരും ചില ജീവനക്കാരുമാണ് ഈ സമയം ഹോട്ടലിലുണ്ടായിരുന്നത്.
പ്രമീത ഭിത്തിക്കും മുകളിലെ സ്ലാബിനുമിടയിൽ കുടുങ്ങിയിരുന്നു. കാലിലേക്കു സ്ലാബ് വീണതോടെ യുവതി മണ്ണിനടിയിൽപ്പെട്ടു. ബാത്ത്റൂമിന്റെ മുകളിൽ പത്തടിയോളം ഉയരത്തിൽ മണ്ണ് പതിച്ചു. ഉടൻതന്നെ മൂന്നു മണ്ണുമന്ത്രി യന്ത്രങ്ങൾ സ്ഥലത്ത് എത്തിച്ചു.
ഒന്നര മണിക്കൂറോളം മണ്ണുനീക്കിയ ശേഷമാണു പ്രമീതയെ പുറത്തെടുക്കാനായത്. അവശനിലയിലായിരുന്ന പ്രമിതയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.