ന്യൂഡൽഹി: അമേരിക്കയുടെ തീരുവ ഭീഷണി, എണ്ണ വ്യാപാരം, സുഖോയ് 57, എസ് 40 സൈനിക ഇടപാടുകൾ തുടങ്ങി ലോകം ഉറ്റുനോക്കുന്ന സുപ്രധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. ഇന്നു വൈകുന്നേരമാണ് പുടിൻ ഡൽഹിയിലെത്തുക. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഉൾപ്പെടെ രണ്ടു ദിവസത്തെ സന്ദർശനമാണ് പുടിന്റേത്.
പുടിന്റെ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്നു നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും.
മോദിയോടൊപ്പമുള്ള അത്താഴവിരുന്ന് അനൗപചാരികമെന്നാണ് റിപ്പോർട്ട്. ഇത് ഉച്ചകോടിക്ക് മുമ്പ് ഇരു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. നാളെ രാവിലെ, പുടിൻ തന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. രാവിലെ അദ്ദേഹം രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.
തുടർന്ന് ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടക്കും. ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വിഷയങ്ങളിൽ അധിക എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്നു. അഞ്ച് എസ്-400 യൂണിറ്റുകൾക്കായി 2018 ൽ ഇന്ത്യ അഞ്ച് ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. മൂന്ന് സ്ക്വാഡ്രണുകൾ വിതരണം ചെയ്തു. അടുത്ത വർഷം മധ്യത്തോടെ രണ്ടെണ്ണം കൂടി പ്രതീക്ഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഈ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു.
സുഖോയ്-57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലുള്ള ഇന്ത്യയുടെ താത്പര്യവും ചർച്ചകളിൽ ഉൾപ്പെട്ടേക്കാമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഊർജ സുരക്ഷ പ്രധാന ചർച്ചയാകും. റഷ്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ യുഎസ് ഉപരോധം ചെലുത്തുന്ന സ്വാധീനം കേന്ദ്ര വിഷയമാകും.
ഇന്ത്യ എണ്ണ വാങ്ങുന്നത് കുറച്ചുകാലത്തേക്കു കുറഞ്ഞേക്കാമെന്ന് പെസ്കോവ് പറഞ്ഞു. എന്നിരുന്നാലും റഷ്യ വിതരണം നിലനിർത്താൻ ശ്രമിക്കുന്നു.മോദി-പുടിൻ കൂടിക്കാഴ്ചയ്ക്കു പുറമേ, ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരായ രാജ്നാഥ് സിംഗും ആൻഡ്രി ബെലോസോവും നിർണായക സൈനിക ഇടപാടുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

