കൊല്ലം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ ചിങ്ങവനം-കോട്ടയം സെക്ഷനിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം സുഗമമാക്കുന്നതിന് ചില ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി റെയിൽവേ.ട്രെയിൻ നമ്പർ 16326 കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ്, ഒക്ടോബർ 11 ന് കോട്ടയത്ത് നിന്ന് രാവിലെ 05.15 ന് യാത്ര ആരംഭിക്കുന്നതിന് പകരം രാവിലെ 05.27 ന് ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കും. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് ഒക്ടോബർ 11 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട് അധിക സ്റ്റോപ്പേജ് അനുവദിക്കും. അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എറണാകുളം ജംഗ്ഷൻ വഴിയായിരിക്കും അന്ന് സർവീസ്.
കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒക്ടോബർ 11ന് ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി സർവീസ് നടത്തും.ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും അധിക സ്റ്റോപ്പുകൾ അനുവദിക്കും.
ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്, 2 11 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പേജ് അനുവദിക്കും. ചേർത്തല, എറണാകുളം ജംഗ്ഷൻ വഴിയാണ് അന്നത്തെ സർവീസ്.
തിരുവനന്തപുരം നോർത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു ഹംസഫർ ദ്വൈവാര എക്സ്പ്രസ് 11 ന് ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും അധിക സ്റ്റോപ്പുകൾ അനുവദിക്കും. ഇത് കൂടാതെ കൊല്ലത്ത് നിന്ന് രാത്രി 9.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 66310 കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു 11 ന് പൂർണമായും റദ്ദാക്കിയിട്ടുമുണ്ട്.