കനത്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും ചാലക്കുടി നഗരത്തില്‍ വന്‍ നാശനഷ്ടം! വരും ദിവസങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദിവസങ്ങള്‍ നീണ്ടു നിന്ന പ്രളയത്തെ അതിജീവിച്ച് കരകയറിക്കൊണ്ടിരിക്കുന്ന വേളയില്‍ മലയാളികളെ വെട്ടിലാക്കി വീണ്ടും മഴയും കാറ്റും വെള്ളപ്പൊക്കവും.

ചൊവ്വാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും ചാലക്കുടി നഗരത്തില്‍ വന്‍ നാശമുണ്ടായി. നഗരത്തിലും പരിസരപ്രദേശത്തും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റില്‍ പല കെട്ടിടങ്ങളുടെയും മേല്‍ക്കൂര പറന്നുപോയി. വാഹനങ്ങള്‍ കാറ്റില്‍ നിരങ്ങിനീങ്ങിപ്പോകുകയും നഗരത്തില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു.

നഗരത്തിലെ സുരഭി സിനിമാ തീയറ്ററിന്റെ മേല്‍ക്കൂര ശക്തമായകാറ്റില്‍ പറന്നുപോയതിനെ തുടര്‍ന്ന് സിനിമാ കണ്ടു കൊണ്ടിരുന്നവര്‍ ഇറങ്ങിയോടി. മേല്‍ക്കൂര പറന്നുപോയതോടെ തീയറ്ററിനകത്ത് വെള്ളം കയറി. നഗരമധ്യത്തിലുള്ള ബിജെപി ഓഫീസിന്റെ മേല്‍ക്കൂരയും പറന്നുപോയിട്ടുണ്ട്. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ വരെ നിരങ്ങിപ്പോയി. ഓട്ടോകള്‍ ശക്തമായ കാറ്റില്‍ ഉരുണ്ടുപോകുകയും പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തു.

പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസ്സമുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഏറെ നേരം ട്രാഫിക് ബ്ലോക്കുമുണ്ടായി.

വരും ദിവസങ്ങളിലും കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാലുജില്ലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Related posts