ചന്ദ്രികയെ സ്വന്തമാക്കി രമണന്‍..! ചങ്ങമ്പു ഴയുടെ രമണന്റെ 80-ാം വാര്‍ഷി കത്തില്‍ പാലക്കാട് നിന്ന് രമണനും ഭാര്യ ചന്ദ്രികയും

EKM-RAMANAN-Lകൊച്ചി: പരസ്പരം വിശേഷങ്ങള്‍ പറഞ്ഞും സൗഹൃദം പങ്കിട്ടും നടന്ന രമണന്‍ നാമധാരികളുടെ കൂട്ടായ്മ കാഴ്ച്ചകാര്‍ക്കും കൗതുകമായി. പാലക്കാട് രമണീയം കൂട്ടായ്മ ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച രമണീയം പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുവരെ രമണന്‍മാര്‍ എത്തിയിരുന്നു. ചങ്ങമ്പുഴയുടെ രമണന്‍ പ്രസിദ്ധീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച രമണ സംഗമത്തിന്റെ ഊര്‍ജം ഉള്‍കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

വാര്‍ത്തകളിലൂടെ കേട്ടറിഞ്ഞ് ഉക്രൈയിനില്‍ നിന്നാണ് ഡോ. യു.പി. രമണന്‍ മേനോന്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. ചങ്ങമ്പുഴയുടെ രമണനിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിച്ച് പാലക്കാട് നിന്നെത്തിയ രമണനും ഭാര്യ ചന്ദ്രികയും കൂടിയായപ്പോള്‍ സംഗമം സമ്പൂര്‍ണതയിലെത്തി. ഇത് കാഴ്ചകാര്‍ക്കും കൗതുകമായി.

സാഹിത്യകാരന്‍ ചെറുകാടിന്റെ മകന്‍ കെ.പി. രമണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രമണന്‍ എന്ന പേര് തനിക്കെന്നും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 1943-44 കാലഘട്ടത്തില്‍ തങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്ന സഖാവ് പോള കുമാരന്റെ വ്യക്തിത്വവും ആശയങ്ങളും ഉണ്ടാക്കിയ സ്വാധീനമാണ് രണ്ടാമത്തെ മകനായ തനിക്ക് രമണന്‍ എന്ന് പേരിടാന്‍ കാരണം. ഒളിവ് കാലത്ത് കുമാരന്‍മാഷ് സ്വീകരിച്ചിരുന്ന പേരാണ് രമണനെന്നും അദ്ദേഹം പറഞ്ഞു. രമണീയം രക്ഷാധികാരി ഡോ. രമണന്‍ ഏറാട്ട് അധ്യക്ഷത വഹിച്ചു.

പ്രഫ. എം.കെ. സാനു പ്രഭാഷണം നടത്തി. ഡോ. എസ്.കെ. വസന്തന്‍ ചങ്ങമ്പുഴയെ അനുസ്മരിച്ചു. പുറനാട്ടുകര മുരളിയും ഡോ. കലമോളും ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകിയും സ്പന്ദിക്കുന്ന അസ്ഥിമാടവും യവനികയും അവതരിപ്പിച്ചു.
ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട അപൂര്‍വ രേഖകളുടെ പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. രമണന്‍ പ്രസിദ്ധീകരിക്കുന്നതിനു സാമ്പത്തിക സഹായം ചെയ്ത എ.കെ. ഹമീദിനെയും മക്കള്‍ക്ക് രമണന്‍, മദനന്‍ എന്നീ പേരുകള്‍ നല്‍കിയ ചെറുകാടിനേയും യോഗം അനുസ്മരിച്ചു. ഡോ. എം. ലീലാവതിയും സംഗമത്തില്‍ പങ്കെടുത്തു.

Related posts